‘ആട്ടം’ മലയാളികളോട് പറഞ്ഞതെന്ത്? അഭിമുഖം: ആനന്ദ് ഏകർഷി- അശ്വതി പ്ലാക്കൽ

‘ആട്ടം’ എന്ന വാക്ക് കേൾക്കുമ്പോൾ സന്തോഷമാണ് പൊതുവെ നമ്മുടെ മനസ്സിൽ വന്നിരുന്നത്. എന്നാൽ ‘ആട്ടം’ എന്ന സിനിമയ്ക്ക് ശേഷം അതൊരു സ്റ്റേറ്റ്മെന്റ് ആയി മാറി. ആട്ടം എന്ന സിനിമ ഒരു കണ്ണാടി ആയിരുന്നു; മലയാളികൾക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി. ഓരോ മലയാളികളും ആ കണ്ണാടിയിൽ നോക്കി പറഞ്ഞു “ഞാൻ ഒരിക്കലും അങ്ങിനെയല്,ല ഞാൻ അത് ചെയ്യില്ല…” അവരുടെ പ്രതിരൂപം ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടിരുന്നു.
ഇത്തവണ ആട്ടത്തിന്റ സംവിധായകൻ ആനന്ദ് ഏകർഷിയാണ് നമ്മളോട് സംസാരിക്കുന്നത്.

Q. പേരിൽ നിന്ന് തുടങ്ങട്ടെ, ആനന്ദ് ഏകർഷി എന്ന പേര് ഇന്ററസ്റ്റിങ് ആണ്. ഈ പേര് വന്ന വഴി ഒന്ന് പറയാമോ?

സത്യത്തിൽ ഒഫീഷ്യൽ പേര് വേറെ ആയിരുന്നു. ആനന്ദ് എന്ന പേര് വീട്ടിൽ അച്ഛനും അമ്മയും വിളിച്ച പേരാണ്. ഏകർഷി എന്നത് ഒരു ഉപനിഷത്ത് വാക്കാണ്, സൂര്യനെപോലെ ഒറ്റക്കു സഞ്ചരിക്കുന്നവൻ എന്നാണ് അതിന്റെ അർത്ഥം. അത് എന്റെ മെന്റർ ആണ് സജസ്റ്റ് ചെയ്തത്. എന്റെ പ്രകൃതത്തോട് കൂടുതൽ താദാമ്യം പ്രാപിക്കുന്ന പേരായത് കൊണ്ടാണ് അത് സ്വീകരിച്ചത്.

Q. ആട്ടത്തിന്റ കഥ സ്വാഭാവികമായി സംഭവിച്ചതാണോ അതോ സുഹൃത്തുക്കളെ ഉൾക്കൊള്ളിക്കുന്നതിന് വേണ്ടിയുള്ള കഥ സെലക്ട് ചെയ്ത് മനപ്പൂർവ്വം സിനിമാ രൂപത്തിൽ ആക്കിയതാണോ?

ഈ സിനിമയിലെ അഭിനേതാക്കളെല്ലാം തന്നെ എന്റെ സുഹൃത്തുക്കളാണ്. സത്യത്തിൽ വേറൊരു സിനിമയ്ക്ക് വേണ്ടി എഴുതുന്ന സമയത്താണ് ഞങ്ങൾ ഒരുമിച്ച് ഒരു യാത്ര പോവുകയും വിനയ് ഇങ്ങിനെ ഒരാശയം മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നത്. ഇവരെ എല്ലാവരെയും സിനിമയിൽ കൊണ്ടു വരാൻ വേണ്ടി വിനയ് ഫോർട്ടും പിന്നെ ഗിരീഷ് മേനോൻ എന്ന സുഹൃത്തുമാണ് ആദ്യം ഇങ്ങിനെ പറയുന്നത്. അങ്ങിനെ ചെയ്താൽ എല്ലാ സപ്പോർട്ടും വിനയ് വാഗ്ദാനം ചെയ്തു. അപ്പോഴാണ് ഞാൻ എന്ത് കൊണ്ട് അങ്ങിനെ ചിന്തിച്ചില്ല എന്ന് ഓർക്കുന്നത്. സാധാരണ ഒരു സിനിമയുടെ നാൾ വഴി പോലെ കഥ വന്നിട്ട് അഭിനേതാക്കൾ വന്നതല്ല. മറിച്ചു അഭിനേതാക്കൾക്ക് വേണ്ടി ഉണ്ടായ ഒരു സിനിമയാണ്.

തന്റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സുഹൃത്തുക്കൾക്ക്, 18 വയസ്സ് മുതൽ തന്റെ കൂടെയുള്ള സൗഹൃദങ്ങളോട് കമേഴ്‌സ്യൽ സിനിമയുടെ അവിഭാജ്യ ഘടകമായി നില നിൽക്കുന്ന നടൻ വിനയ് ഫോർട്ടിന്റെ കരുതലാണ് സത്യത്തിൽ ആട്ടം എന്ന സിനിമ. കൂടെയുള്ളവർ എല്ലാം മികച്ച ടാലെന്റ്സ് ആണെന്നറിയാമായിരുന്നിട്ട് പോലും തുടക്കത്തിൽ കമേഴ്‌സ്യൽ സിനിമയുടെ തിരക്കിൽ അവരുടെ കഴിവുകൾ കൃത്യമായി പ്ലേസ് ചെയ്യപ്പെടാതിരുന്നാലോ എന്ന കരുതലിൽ നിന്നാണ്, ആ ആലോചനയിൽ നിന്നാണ് ആട്ടം ഉണ്ടാകുന്നത്. വിനയുടെ വാക്കുകളിൽ ജീവിതകാലം മുഴുവൻ അഭിമാനിക്കാവുന്ന ഒരു സിനിമ ഒപ്പം സിനിമയെ പ്രേക്ഷകര് സ്വീകരിച്ച രീതി ഇരട്ടിമധുരം നൽകുന്നു. തന്റെ എല്ലാ സുഹൃത്തുക്കളും ആട്ടത്തിൽ ഏറ്റവും മികച്ച അഭിനയം പുറത്തെടുത്തു എന്ന് വിനയ് പറയുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം, കലയ്ക്ക് വേണ്ടിയുള്ള ഒത്തൊരുമ എല്ലാം നമുക്ക് വായിച്ചെടുക്കാം. ലോകമെമ്പാടുമുള്ള
മലയാളി പ്രേക്ഷകരോടൊപ്പം സിനിമ മേഖലയിലുള്ളവരും കയ്യടിയോടെ സ്വീകരിച്ച ഈ സിനിമ വഴി തന്റെ പ്രിയ സുഹൃത്തുക്കൾ എല്ലാവരും സിനിമയുടെ വഴിയിലേക്ക് പതിയെ നടന്നു കയറുന്നു എന്നതും വിനയ് എന്ന നടന്, അതിലുപരി വിനയ് എന്ന സുഹൃത്തിന് എന്നെന്നും അഭിമാനിക്കാവുന്ന കാര്യമാണ്.
കയ്യടിക്കെടോ മലയാളികളേ…

Q.10 വയസ്സ് മുതൽ ആനന്ദിന് കലയുമായി ബന്ധമുണ്ടല്ലോ. അന്ന് മുതൽ ആട്ടം വരെയുള്ള സമയം എടുത്ത് കഴിഞ്ഞാൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം എന്ന് പറയുന്നത് ആട്ടവുമായി ബന്ധപ്പെട്ടതാണോ? അതോ ഇതിലുപരി കലാപരമായും വ്യക്തിപരമായും സന്തോഷിച്ച മറ്റ് കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ?

തീർച്ചയായും ആട്ടം എന്ന സിനിമ മൊത്തത്തിൽ ഒരു രണ്ടര കൊല്ലത്തോളം എടുത്താണ് പൂർത്തിയാക്കിയത്. കഥ ആലോചിച്ചു തുടങ്ങിയ സമയം മുതൽ പ്രൊഡ്യൂസറെ കിട്ടിയപ്പോൾ, ഫെസ്റ്റിവലുകളിൽ സ്വീകരിക്കപ്പെട്ടപ്പോൾ, തീയേറ്ററിൽ ജനം സ്വീകരിച്ചപ്പോൾ അങ്ങിനെ വളരെ കാലം ആ സന്തോഷം നീണ്ടു നിന്നു. പക്ഷെ അതാണ് അൾട്ടിമേറ്റ് എന്നു പറയാനും പറ്റില്ല. സ്കൂളിൽ പഠിച്ച കാലത്ത് നാടകത്തിൽ ബെസ്റ്റ് ആക്ടർ കിട്ടിയപ്പോൾ, നല്ല സുഹൃത്തുക്കളെ കണ്ടു മുട്ടുമ്പോൾ, യാത്ര ചെയ്യുമ്പോൾ, നല്ല ബന്ധങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം സന്തോഷം തോന്നിയിട്ടുണ്ട്. ആദ്യത്തെ സിനിമ കപ്ലീറ്റ് ചെയ്തതിന്റെ ഭയങ്കര സന്തോഷമുണ്ട്.

Q. ആട്ടം എന്ന സിനിമ യഥാർത്ഥത്തിൽ ഒരു അന്വേഷണമാണല്ലോ. തമാശ മട്ടിൽ ആ രഹസ്യം എന്നോട് കൂടെ മണ്ണടിയും എന്നൊക്കെ പറയുന്നുണ്ടെങ്കിലും സത്യത്തിൽ അങ്ങിനെയൊരു വില്ലൻ കഥ എഴുതുമ്പോൾ മനസ്സിൽ ഉരുത്തിരിഞ്ഞു വന്നിരുന്നോ? അതോ അതൊരു മിസ്റ്ററി കഥാപാത്രമാണോ? അതോ ഡയറക്ടർ ബ്രില്യൻസ് ആണോ?

ആ കുറ്റകൃത്യം ചെയ്ത ആൾ എന്നതിലുപരി ആ സിനിമയുടെ പോയിന്റ് ആ ക്ലൈമാക്സ്‌ വഴി ഒട്ടു മിക്കവാറും ആളുകൾക്കും മനസ്സിലായിട്ടുണ്ട്. പിന്നെ ഓരോ തിരക്കഥയിലും നമ്മുടേത് മാത്രമായ ചില കാര്യങ്ങൾ ഉണ്ട്. ആ വീഡിയോ വളരെ തമാശ മട്ടിൽ സോഷ്യൽ മീഡിയയിൽ ഇട്ടതാണെങ്കിലും അങ്ങനെയൊരാളെ എനിക്കറിയാമോ എന്നത് പോലും എന്റേത് മാത്രമായ ഒരു രഹസ്യമാണ്- വേറെ ആർക്കും അറിയാത്തത്. ഓരോ തിരക്കഥയിലും ഇത്തരം കുറേ കിക്കുകളും രഹസ്യങ്ങളുമുണ്ടാകും.

Q. സിനിമ കണ്ട ആരും സെറിനെ മറക്കില്ല. അഞ്ജലി എന്ന കഥാപാത്രത്തിന്റെ നിസ്സഹായതയും ധൈര്യവും എല്ലാം സെറിന്റെ കയ്യിൽ ഭദ്രമായിരുന്നു. സെറിനെ എങ്ങിനെയാണ് കണ്ടെത്തിയത്? അവരല്ലങ്കിൽ വേറെ ഓപ്ഷൻ ഉണ്ടായിരുന്നോ?

സെറിന്റെ റോൾ ഈ സിനിമയിൽ ഭയങ്കര ഇമ്പോർട്ടന്റ് ആണ്. ഒരേ ഒരു സ്ത്രീകഥാപാത്രം. ഓഡിഷൻ കോളിൽ 200 പേരോളം വന്നതിൽ നിന്നും തിരഞ്ഞെടുത്ത 5 പേരിൽ ഒരാളായിരുന്നു സെറിൻ. പിന്നീട് ഈ 5 പേരും വിനയ് ആയിട്ട് ചെറിയ സീൻ ഒരു ഷോർട്ട് ഫിലിം പോലെ ചെയ്ത് നോക്കുകയും ചെയ്തിരുന്നു. അതിൽത്തന്നെ സെറിൻ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് ആയിരുന്നു. അത് പോലെ തന്നെ ആക്റ്റേഴ്സ് എല്ലാവരും ജെൽ ആകേണ്ട സിനിമയാണ്; അതിന്റെ പശ്ചാത്തലമനുസരിച്ച്, അതിനൊക്കെ സെറിൻ കൂടെ നിന്നു. സെറിനെ കിട്ടിയിരുന്നില്ലെങ്കിൽ പിന്നെ വേറൊരു ഓഡിഷൻ വിളിക്കേണ്ടി വരുമായിരുന്നു.

Q. ആട്ടം കണ്ട് അഭിനന്ദിച്ചവരിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയുടെ എക്സ്പീരിയൻസ് എങ്ങിനെ ഉണ്ടായിരുന്നു?

സിനിമ ഇറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോളാണ് ഷാജോൺ ചേട്ടൻ മമ്മൂക്കയെ വേറൊരു സെറ്റിൽ കണ്ടപ്പോൾ ഈ സിനിമയെക്കുറിച്ചു പറഞ്ഞത്. സാധാരണ ഷാജോൺ ചേട്ടൻ അങ്ങിനെയൊന്നും പറയാത്തതാണ്. പക്ഷെ പുള്ളിക്ക് ഈ സിനിമയെ അത്രയും ഇഷ്ടപ്പെട്ടത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത്. മമ്മൂക്ക സിനിമ അയച്ച് കൊടുക്കാൻ പറയുകയും അന്ന് തന്നെ കാണുകയും ചെയ്തു. പക്ഷെ അന്ന് ക്രൂ ദുബായിൽ ആയിരുന്നു. പിന്നീട് വന്നിട്ടാണ് മമ്മൂക്കയെ പോയി കണ്ടത്. ഇത്രയും തിരക്കുള്ള അദ്ദേഹം സിനിമയിൽ പുതിയതായി വന്ന ഇത്രയും ആളുകളുടെ അടുത്ത് സമയം ചിലവഴിച്ചത് വല്യൊരു കാര്യമായി കാണുന്നു. അതൊരു സ്വീറ്റ് മൊമെന്റ് ആയിരുന്നു.

Q.പുതിയ പ്രൊജകട്സ്, സിനിമകൾ?

പുതിയ സിനിമ ഒരു ലവ് സ്റ്റോറി ആണ് മലയാളത്തിൽ. അതോടൊപ്പം ഒരു വെബ് സീരീസിന്റെ ആലോചനയും നടക്കുന്നുണ്ട്. ഇപ്പോൾ ഉടനെ ചെയ്യാൻ പോകുന്നത് 40 മിനിറ്റുള്ള ഒരു ഇംഗ്ലിഷ് സിനിമയാണ്. അത് 1-2 മാസത്തിനുള്ളിൽ തീരും. ഭാവിയിൽ ഇംഗ്ലിഷ് സിനിമ ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടും അത് സ്പെഷ്യൽ ആണ്.

Q. നാടകം, സിനിമ- ഈ രണ്ട് മേഖലകളിലും പ്രവർത്തിക്കുന്ന ആളെന്ന നിലയ്ക്ക് ഏതു മീഡിയമാണ് ജനങ്ങളോട് കൂടുതൽ സംവദിക്കുന്നതെന്ന് തോന്നിയിട്ടുള്ളത്?

ഒരു പോപ്പുലർ മാധ്യമം എന്ന നിലയ്ക്കും ഉയർന്ന സാങ്കേതിക വിദ്യ, പിന്നെ ആളുകൾ അങ്ങോട്ട് പൈസ കൊടുത്ത് കാണുന്ന മാധ്യമം എന്ന നിലയ്ക്കും സിനിമയാകാം കൂടുതൽ മുന്നിട്ട് നിൽക്കുന്നത്. പക്ഷെ ഒരേ പ്രതലത്തിൽ ഇരുന്നു കാണുന്ന പ്രേക്ഷകർക്ക് കൂടുതൽ ഡീപ്പർ ഇമ്പാക്ട് ഉണ്ടാകുന്നത് നാടകം കാണുമ്പോൾ ആകാം. നാടകത്തിനു ശേഷം അവരെ അടുത്ത് കാണാനും
സാധിക്കുന്നത് കൊണ്ടാവാം അത്.

Q. കേരളത്തിന്‌ പുറമെയുള്ള നാടകരൂപങ്ങൾ ശ്രദ്ധിക്കാറുണ്ടോ? അതിൽ അപ്ഡേറ്റ് ചെയ്യണമെന്ന് തോന്നിയത് ഏത് രാജ്യത്തെ നാടകരൂപമാണ്?

സത്യത്തിൽ അഞ്ച് വയസ്സ് മുതൽ നാടകരംഗത്തുണ്ടെങ്കിലും മറ്റു രാജ്യങ്ങളിലെ നാടകരൂപങ്ങൾ ഒന്നും തന്നെ അങ്ങിനെ ഫോളോ ചെയ്യുന്നില്ല. കേരളത്തിൽ ശ്രീ കാവാലം സർ ആണ് എന്നും അത്ഭുതപെടുത്തിയിട്ടുള്ളത്.

Q.ആനന്ദിന്റെ കുടുംബത്തെക്കുറിച്ച് അറിയാൻ താല്പര്യമുണ്ട്. പിന്നെ ഹോബികളെക്കുറിച്ചും, യാത്രകളെകുറിച്ചും അറിയാൻ ആഗ്രഹമുണ്ട്.

കുടുംബത്തിൽ അച്ഛൻ, അമ്മ ആണുള്ളത്. ഒരു മുതിർന്ന സഹോദരൻ ഉണ്ടായിരുന്നു ഒരു അപകടത്തിൽ പെട്ടു മരിച്ചു പോയി. ഹോബി എന്ന് പറയുന്നത് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. പിന്നെ ആഡ് ഫിലിംസ് കൂടുതലായി ചെയ്യണം എന്നാഗ്രഹമുണ്ട്. പിന്നീട് ഒരു ബ്രേക്ക്‌ എടുത്ത് കൂടുതൽ യാത്രകൾ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

Q. കേരളത്തിൽ നാടകരംഗത്ത് ആനന്ദിനു ഏറ്റവും ഇഷ്ടമുള്ള വ്യക്തിത്വത്തെക്കുറിച്ചു പറയാമോ?

എന്നെ ഏറ്റവുംഅധികം അത്ഭുതപ്പെടുത്തിയ നാടകപ്രവർത്തകൻ കാവാലം സർ ആണ്. അദ്ദേഹത്തിന്റെ നാടകങ്ങളും അത് പോലെ ഏറ്റവും ഇഷ്ടം.

Share this news

Leave a Reply

%d bloggers like this: