സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നേരം ആഹാരമെന്ന ആശയവുമായി ഗ്രീന്‍ പാര്‍ട്ടി

ഡബ്ലിന്‍:  ദിവസത്തില്‍ ഒരു തവണയെങ്കിലും എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷണമെന്ന നയം പ്രഖ്യാപിച്ച് ഗ്രീന്‍ പാര്‍ട്ടി. അ‍ഞ്ച് വര്‍ഷം കൊണ്ട് എല്ലാ സ്കൂളുകളിലും കാന്‍റീന്‍  ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി നേതാവ് ഇമോണ്‍ റിയാന്‍ വശദീകരിക്കുന്നു. രാജ്യത്തെ നാലായിരം പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളിലായി 890,000   വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത് ഇതില്‍ അഞ്ചില്‍ ഒരു കുട്ടി വീതം  വിശപ്പ് സഹിച്ചാണ് സ്കൂളിലേക്ക് പോകുന്നത്.

ഗ്രീന്‍ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയില്‍ രക്ഷിതാക്കള്‍ ആഴ്ച്ചയില്‍ പത്ത് യൂറോ വെച്ച് ഒരു കുട്ടിക്ക് വേണ്ടി നല്‍കേണ്ടതുണ്ട്. അതേ സമയം പദ്ധതിയില്‍ താത്പര്യമില്ലെങ്കില്‍ പങ്കാളി ആകാതിരിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണമാകും ലഭിക്കുകയെന്ന് റിയാന്‍ അവകാശപ്പെടുന്നു.

പദ്ധതിയുടെ നടത്തിപ്പിന് €350  മില്യണ്‍ വരെയായിരിക്കും  ചെലവ് വരിക. പദ്ധതിക്കാവശ്യമായ തുക നികുതി വരുമാനത്തില്‍ നിന്നും യൂറോപ്യന്‍ സോഷ്യല്‍ ഫണ്ടില്‍ നിന്നും കണ്ടെത്തും. പദ്ധതിമൂലം കര്‍ഷകര്‍ക്കും ഭക്ഷ്യ ഉത്പാദകര്‍ക്കും ഗുണമുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ കാര്‍ഷിക ഭക്ഷ്യ വക്താവ് സീമസ് ഷെറിണ്ടാന്‍‌ പറയുന്നത്. വിദ്യാഭ്യാസവകുപ്പുമായി പദ്ധയുടെ ഭാഗമാകുന്നതിന് കരാറിലെത്താമെന്നും ചൂണ്ടികാണിക്കുന്നു. അതേ സമയം പദ്ധതി നടപ്പാക്കുന്നത് മൂലം അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ തൊഴില്‍ ഭാരം വരുമെന്ന ആശങ്കയും പങ്ക് വെയ്ക്കുന്നുണ്ട്. എന്നാല്‍ അധിക ജോലി ഭാരം ഉണ്ടാകില്ലെന്നും ആകെ ചെയ്യേണ്ടത് വിതരണം ചെയ്യുന്ന ഭക്ഷണത്തിനുമേല്‍ മേല്‍നോട്ടം വഹിക്കുക മാത്രമാണെന്നും പാര്‍ട്ടി പറയുന്നു. കൂടാതെ അദ്ധ്യാപകര്‍ക്ക് ആവശ്യമെങ്കില്‍ ഈ ഭക്ഷണം കഴിക്കാവുന്നതുമാണ്.

കുട്ടികളുടെ ആരോഗ്യവും നന്മയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പാര്‍ട്ടി ഉപനേതാവ് കാതറീന്‍ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തിലെ അപര്യാപ്തത അമിതവണ്ണത്തിന് കാരണമാകുന്നതില്‍ ഒരു ഘടകമാണ്. നല്ലപോലെ പോഷകാഹാരം കുട്ടികള്‍ക്ക് ലഭിക്കുന്നത് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ തല ചെലവ് കുറയ്ക്കുമെന്നും പാര്‍ട്ടി അഭിപ്രായപ്പെടുന്നു. ഗ്രീന്‍പാര്‍ട്ടിയുടെ തിര‍ഞ്ഞെടുപ്പ് സഖ്യത്തില്‍ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാ വിഷയം ഇതായിരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നുണ്ട്. പദ്ധതിയോട് യോജിപ്പില്ലാത്ത പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും റിയാന്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: