മലപ്പുറത്ത് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് …അട്ടിമറിയെന്ന് സംശയം

മലപ്പുറം : മലപ്പുറം ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങളില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകിയും പശയൊഴിച്ചും ക്രമക്കേട് നടത്തിയത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. യന്ത്രത്തകരാര്‍ ആസൂത്രിതമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറോടും എസ്.പിയോടും റിപ്പോര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗ് ശക്തികേന്ദ്രങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ടതോടെ സ്ത്രീ വോട്ടര്‍മാര്‍ ഉള്‍പ്പെടെ തിരികെപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നു കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട ഉദാ്യേഗസ്ഥര്‍ പരിശീലനത്തില്‍ ശ്രദ്ധിച്ചില്ലെന്നും വോട്ടിങ് യന്ത്രം കൃത്യമായി പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം നേടാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും കളക്ടര്‍ കുറ്റപ്പെടുത്തി.

വൈകിട്ട് അഞ്ചു മണിയ്ക്ക് ആരൊക്കെ ക്യൂവിലുണ്ടോ, അവരെയെല്ലാവരും വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം മുടങ്ങിയ സമയത്തിനു പകരമായി വൈകിട്ട് കൂടുതല്‍ സമയം അനുവദിക്കുന്നതിനെപ്പറ്റി തെരഞ്ഞെടുപ്പു കമ്മിഷനോട് ആലോചിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ വിവിധ ബൂത്തുകളിലും യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: