രണ്ടാം ഘട്ടത്തില്‍ കനത്ത പോളിംഗ്

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 74 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് അറിയുന്നത്. രണ്ടാംഘട്ടത്തില്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 78 ശതമാനം പോളിംഗ് നടന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ പോളിംഗായിരുന്നു ഇത്തവണ. കഴിഞ്ഞ തവണ 76.25 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഇത്തവണ നഗരകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട നഗരസഭയില്‍ വൈകുന്നേരം 4.30 വരെയുള്ള കണക്കുകള്‍ പ്രകാരം 81.5 ശതമാനം പോളിംഗ് നടന്നു. ഏറ്റുമാനൂര്‍ നഗരസഭയില്‍ 75 ശതമാനം പോളിംഗ് നടന്നു.

ശക്തമായ ത്രികോണ മത്സരം നടന്ന ആലപ്പുഴയിലും കനത്ത പോളിംഗായിരുന്നു. ഇവിടെ 77 ശതമാനം വോട്ടര്‍മാര്‍ വോട്ട് ചെയ്തു. ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലായിരുന്നു. ഇവിടെ 70 ശതമാനം പോളിംഗാണു നടന്നത്.

എറണാകുളം-73, തൃശൂര്‍-71, പാലക്കാട്-77, മലപ്പുറം-74 എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. മഴമാറി കാലാവസ്ഥ അനുകൂലമായതും മികച്ച പോളിംഗിന് കാരണമായി. ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തി വോട്ട് ചെയ്തു. അനിഷ്ട സംഭവങ്ങളൊന്നും എങ്ങുനിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം രാവിലെ പോളിംഗ് തടസപ്പെട്ട മലപ്പുറത്തും തൃശൂരിലും റീപോളിംഗ് നടക്കും. മലപ്പുറത്തെ 15 പഞ്ചായത്തുകളിലെ 27 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ അരിമ്പൂരിലെ രണ്ടു ബൂത്തുകളിലുമാണു വെള്ളിയാഴ്ച റീപോളിംഗ് നടക്കുന്നത്. മലപ്പുറത്ത് വോട്ടിംഗ് വൈകിയ ബൂത്തുകളില്‍ വൈകുന്നേരം ഏഴുവരെ വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയും ചെയ്തു. നേരത്തെ മലപ്പുറത്തെ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് അതൃപ്തി അറിയിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ വിവരം അറിയിക്കാതിരുന്നതിനാണ് അതൃപ്തി അറിയിച്ചത്. കളക്ടര്‍ വിവരം അറിയിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍നിന്നു കമ്മീഷന്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ജില്ലയില്‍ വിവിധ ബൂത്തുകളിലായി മുന്നൂറിലധികം വോട്ടിംഗ് യന്ത്രങ്ങളാണു തകരാറിലായത്.

-എജെ-

Share this news

Leave a Reply

%d bloggers like this: