മലപ്പുറത്ത് 105 ബുത്തുകളിലും തൃശൂരില്‍ ഒമ്പത് ബൂത്തുകളിലും നാളെ റീ പോളിങ്

 
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പിനിടെ തടസം നേരിട്ട മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലിയിലെ ഒമ്പത് ബൂത്തുകളിലും നാളെ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ് മലപ്പുറത്തേയും തൃശൂരേയും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറ് സംഭവിച്ചത് അസ്വഭാവികമാണെന്നും അതിനെക്കുറിച്ച് ഉടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യതിരഞ്ഞെടെപ്പ് കമ്മീഷണര്‍ കെ.ശശീധരന്‍ നായര്‍ പറഞ്ഞു.

ഇന്നു രാവിലെ പോളിങ് തുടങ്ങി അല്‍പ സമയത്തിന് ശേഷമാണ് എല്ലായിടത്തും വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് കണ്ടത്. തകരാര്‍ പരിഹരിച്ച ശേഷവും പോളിങ് മുടങ്ങിയ ബൂത്തുകളിലാണ് റീ പോളിങ്. മലപ്പുറത്ത് പല വോട്ടിംഗ് യന്ത്രങ്ങളിലും കടലാസ് തിരുകിയ നിലയിലും ചിലതില്‍ സ്റ്റിക്കര്‍ പതിച്ച നിലയിലും മറ്റു ചിലതില്‍ സെലോ ടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു. എന്നാല്‍ യഥാര്‍ഥ പോളിങ്ങിന് അര മണിക്കൂര്‍ മുന്‍പ് നടന്ന മോക്ക് പോളിങ്ങില്‍ ഇത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നിരുന്നില്ല. മലപ്പുറം ജില്ലയിലെ മൂന്ന് നഗരസഭകളിലും 42 ഗ്രാമപഞ്ചായത്തുകളിലുമായി 237 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്. ഇതില്‍ 227 ബൂത്തുകളില്‍ ഉച്ചക്ക് 12 മണിയോടെ പ്രശ്‌നം പരിഹരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പില്‍ അഞ്ചു മണിവരെയുള്ള കണക്ക് അനുസരിച്ച് 74 ശതമാനം പോളിങ് രേഖപ്പെടുത്തി. കോട്ടയം 77,പത്തനതിട്ട 70, ആലപ്പുഴ 77, എറണാകുളം 73, തൃശൂര്‍ 71, മലപ്പുറം 74, പാലക്കാട് 77 എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 1.4 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച വോട്ടു ചെയ്തത്.
-എജെ-

Share this news

Leave a Reply

%d bloggers like this: