റീപോളിംഗിലും വോട്ടിംഗ് യന്ത്രം വീണ്ടും തകരാറിലായി

 

തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇന്നു റീപോളിംഗ് നടക്കുന്ന മലപ്പുറത്തും തൃശൂരിലും വീണ്ടും വോട്ടിംഗ് യന്ത്രം തകരാറിലായി. മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപാടത്തും, പരിയാപുരത്തുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. തൃശൂരില്‍ കയ്പ്പമംഗലത്തുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ നേരിട്ടതിലും, ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തെയും തുടര്‍ന്നും റീ മലപ്പുറത്തും, തൃശൂരുമായി മൊത്തം 114 ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. ഇന്നലെ വോട്ടെടുപ്പ് തടസപ്പെട്ട മലപ്പുറം ജില്ലയിലെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ ഒമ്പത് ബൂത്തുകളിലുമാണ് റീ പോളിങ്.

മലപ്പുറത്ത് 255 യന്ത്രങ്ങളിലും തൃശ്ശൂരില്‍ 55 എണ്ണത്തിലുമാണ് തകരാര്‍ കണ്ടെത്തിയിരുന്നത്. ആദ്യം 12 ബൂത്തുകളില്‍ മാത്രമാണ് പ്രശ്‌നമെന്നറിയിച്ച മലപ്പുറം ജില്ലാ കളക്ടര്‍ രാത്രി വൈകിയാണ് 105 ബൂത്തുകളില്‍ റീ പോളിങ്ങിന് ശുപാര്‍ശ ചെയ്തത്. മലപ്പുറത്ത് മൂന്ന് നഗരസഭകളിലെയും 44 പഞ്ചായത്തുകളിലെയും ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. നിലമ്പൂര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളില്‍ പ്രശ്‌നമുണ്ടായത്.

തൃശൂരില്‍ നേരത്തെ റീപോളിങ് പ്രഖ്യാപിച്ച നാലു ബൂത്തുകള്‍ക്ക് പുറമെ 5 ബൂത്തുകളില്‍ കൂടീ റീ പോളിങ് തുടങ്ങി. അന്നമനട, കയ്പമംഗലം, ഏങ്ങണ്ടിയൂര്‍, ചേലക്കര എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.

വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനു കാരണം സാങ്കേതികമല്ലെന്നും ഇതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: