നന്തിക്കര അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി

 

പുതുക്കാട്: ദേശീയപാതയില്‍ നന്തിക്കരയില്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആലത്തൂര്‍ കാട്ടിശേരി പുതുശേരിക്കളം വീട്ടില്‍ ഇസ്മയില്‍(68) ഇസ്മയിലിന്റെ മകന്‍ ഇസ്ഹാഖ്(40), ഇസ്മയിലിന്റെ ഭാര്യ ഹൗവ്വാമ (63), ഇസ്ഹാഖിന്റെ ഭാര്യ ഹൗസത്ത്(32), ഇസ്ഹാഖ്-ഹൗസത്ത് ദമ്പതികളുടെ മകള്‍ ഇര്‍ഫാന (മൂന്നര), ഇസ്ഹാഖിന്റെ സഹോദരി ഭര്‍ത്താവ് നെന്‍മാറ കയ്‌റാടി മന്‍സൂര്‍ (45), കാര്‍ ഡ്രൈവര്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണാലയത്തില്‍ കൃഷ്ണപ്രസാദ്(34) എന്നിവരാണ് മരിച്ചത്. കൃഷ്ണപ്രസാദിന്റെ മൃതദേഹം കാറിന് പുറത്തുനിന്ന് അപകടം നടന്ന് അഞ്ചുമണിക്കൂറിന് ശേഷവും ഇസ്മയിലിന്റെ മൃതദേഹം എട്ടു മണിക്കൂറിന് ശേഷവുമാണ് കണ്ടെത്താനായത്.

ഇസ്ഹാഖ്-ഔസത്ത് ദമ്പതികളുടെ മൂത്തമകനായ ഇജാസ്(8) അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിനുള്ളില്‍ കുടുങ്ങിയ ഇജാസിനെ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കാറില്‍ ആറുപേര്‍ മാത്രമേയുള്ളുവെന്നാണ് ആദ്യം കരുതിയിരുന്നത്. അപകടത്തില്‍ രക്ഷപ്പെട്ട ഇജാസാണ് കാറില്‍ എട്ടുപേരുണ്ടായിരുന്നതായി സൂചന നല്‍കിയത്. ഇതേത്തുടര്‍ന്ന് രാവിലെ എട്ടരയോടെ വീണ്ടും രണ്ടുപേര്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. പത്തോടെ കൃഷ്ണപ്രസാദിന്റെ മൃതദേഹം ലഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇസ്മയിലിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. ഖത്തറില്‍ ഡ്രൈവറായ ഇസ്ഹാഖിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച ശേഷം ആലത്തൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ രണ്ടിനായിരുന്നു ഇസ്ഹാഖ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. പുതുക്കാട് പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കളിമണ്ണെടുത്ത് കുഴിയായ ഇവിടെ ചെളി നിറഞ്ഞ വെള്ളക്കെട്ടാണ്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. ചെളിയില്‍ കാര്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

രാവിലെ ഏഴോടെയാണ് കാര്‍ പുറത്തെടുക്കാനായത്. അപകടം നടന്ന് അധികം വൈകാതെ ഇജാസിനെ പുറത്തെടുക്കാനായതിനാല്‍ രക്ഷിക്കാനായി. മറ്റുള്ളവര്‍ കാറില്‍ കുടുങ്ങിയതിനാല്‍ ആറേകാലോടെയാണ് ഓരോരുത്തരെയായി പുറത്തെടുക്കാനായത്. ഇവരെല്ലാം അപ്പോഴേക്കും മരിച്ചിരുന്നു. വാഹനം നിയന്ത്രണം വിടാനുള്ള സാഹചര്യം വ്യക്തമായിട്ടില്ല. ഏതെങ്കിലും വാഹനം ഇടിച്ചശേഷം നിയന്ത്രണം വിട്ടതാണോ അതോ ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് വൈദ്യുതി വിളക്കുകളില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

മൃതദേഹങ്ങള്‍ പുതുക്കാട് ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇജാസിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: