വിജിലന്‍സിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

 

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനു അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് ഡയറക്ടര്‍ അധികാരപരിധി ലംഘിച്ചുവെന്നും വിജിലന്‍സ് മാന്വലിന് എതിരായി പ്രവര്‍ത്തിച്ചുവെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ എന്തിന് ഇടപെട്ടുവെന്നായിരുന്നു ഇതു മാന്വലിനു വിരുദ്ധമല്ലേയെന്നുമായിരുന്നു കോടതിയുടെ ചോദ്യം ജസ്റ്റീസ് കമാല്‍ പാഷയാണ് വിജിലന്‍സിനും ഡയറക്ടര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ പുറത്തുനിന്നു നിയമോപദേശം തേടിയത് എന്തിനാണെന്നു കോടതി ചോദിച്ചു. വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ അപാകതയില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി വിജിലന്‍സിനുവേണ്ടി ഹൈക്കോടതിയില്‍ എജി ഹാജരായതിനെയും ചോദ്യംചെയ്തു. വിജിലന്‍സ് കോടതി ഉത്തരവില്‍ അപ്പീലിനു പോകില്ലെന്നു സര്‍ക്കാര്‍ പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗമായ എജി എന്തിനു വിജിലന്‍സിനുവേണ്ടി ഹാജരായെന്നും കോടതി ചോദിച്ചു.

കേസില്‍ വിജിലന്‍സിന്റെ വാദം കേട്ട കോടതി എതിര്‍ കക്ഷികളുടെ വാദം തിങ്കളാഴ്ച കേട്ട ശേഷം വിധി പറയാമെന്നും അറിയിച്ചു. കേസ് നീട്ടികൊണ്ടുപോകാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സ് കോടതി വിധിക്കു പിന്നാലെ ഹൈക്കോടതിയും ഡയറക്ടര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത് കേസില്‍ സര്‍ക്കാരിനു തിരിച്ചടിയായിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: