കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കോഴിക്കോട് ഫാറൂഖ് കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ ഫറൂഖ് കോളജിലെ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കോളജ് മാനേജ്‌മെന്റില്‍ നിന്ന് തനിക്ക് യാതൊരു പാരാതിയും ലഭിച്ചിട്ടില്ല. കേരളത്തിലെ കാമ്പസുകളില്‍ അങ്ങനെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ലിംഗവിവേചനമായി ഇതിനെ കാണാന്‍ കഴിയില്ല. കുട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഷ്ടമാണെങ്കില്‍ എങ്ങനെ വേണമെങ്കിലും ഇരിക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.

ഫാറൂഖ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് ഇടകലര്‍ന്നിരുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഇത് ചോദ്യംചെയ്ത എട്ടു വിദ്യാര്‍ഥികളോട് ക്ലാസില്‍നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച ഒരു വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ഈ നടപടി സ്‌റ്റേ ചെയ്ത ഹൈക്കോടതി പുറത്താക്കിയ ദിനു എന്ന വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: