ക്രിസ്മസ് വിപണിയില്‍ വ്യാജന്‍മാര്‍ പെരുകുന്നു

ഡബ്ലിന്‍ : ക്രിസ്മസ് കാലം ആഘോഷമാക്കാന്‍ നഗരത്തിലെ തിരക്കേറിയ കടകളിലേക്കും ഷോപ്പിംഗ് സെന്ററുകളിലേക്കും തിരിക്കുന്നതിനു മുന്‍പ് ഒരു മുന്നറിയിപ്പ്. നിങ്ങളെ കാത്ത് വ്യാജന്‍മാരും ഗുണനിലവാരമില്ലാത്ത വസ്തുക്കളും കാത്തിരിക്കുന്നു. ബ്രാന്‍ഡഡ് സാധനങ്ങളെപ്പോലും വെല്ലുന്ന തരത്തിലാണ് വ്യാജന്‍മാര്‍ മാര്‍ക്കറ്റു പിടിച്ചടക്കുന്നത്. പോക്കറ്റിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ജാഗരൂകരായിരിക്കുക എന്നത് മാത്രമാണ് പോംവഴി.

അയര്‍ലണ്ടിലെ മാര്‍ക്കറ്റുകളില്‍ വ്യാജ ബ്രാന്റുകളും, ഗുണനിലവാരം കുറഞ്ഞ വസ്തുക്കളും പെട്ടെന്നു തന്നെ കണ്ടെത്തുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വിപണികളില്‍ തിരഞ്ഞിറങ്ങിയാല്‍ വ്യാജനേയും യഥാര്‍ത്ഥ ബ്രാന്റിനേയും തിരിച്ചറിയുക പ്രയാസമാണെന്നാണ് ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ നിന്നും കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷങ്ങള്‍ അടുത്തതോടെ വലിയ അളവിലാണ് വ്യാജ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലേക്ക് ഒഴുകിയെത്തുന്നത്. പല പ്രമുഖ ബ്രാന്‍ഡുകളുടേയും ലേബലില്‍ വ്യാജന്‍മാര്‍ ഇറങ്ങിയത് ഉപഭോക്താക്കളേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

റവന്യൂ വകുപ്പും ഗാര്‍ഡയും ചേര്‍ന്നു വ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2 ലക്ഷം യൂറോയിലധികം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇവയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഹാന്റ് ബാഗുകള്‍, ഡിസൈനര്‍ ഷൂകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടുതല്‍ വാണിജ്യ കേന്ദ്രങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് ഗാര്‍ഡയുടെ തീരുമാനം.

Share this news

Leave a Reply

%d bloggers like this: