അയര്‍ലന്‍ഡിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ പരിമിതം: ലിയോ വരേദ്കര്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ പരിമിതമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍. വിവാദപരമായ ഈ വിഷയത്തില്‍ കണ്‍വെന്‍ഷന്‍ നടത്താനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവേ വരേദ്കര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാല്‍ ഗര്‍ഭഛിദ്രനിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിലെ എട്ടാം ഭേദഗതി പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കണ്‍വെന്‍ഷന്‍ നടത്താമെന്ന് പ്രധാനമന്ത്രി എന്‍ഡ കെനി സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞമാസം നടന്ന അഭിമുഖത്തില്‍ ശിശുക്ഷേമ വകുപ്പുമന്ത്രി ജയിംസ് റെയ്‌ലി ഭരണഘടനയിലെ എട്ടാംഭേദഗതി റദ്ദാക്കണമെന്നാവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് എന്‍ഡ കെനിയും വിഷയത്തില്‍ പ്രതികരിച്ചത്. കണ്‍വെന്‍ഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ വിഷയം പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് കെനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഗര്‍ഭഛിദ്ര നിയമം മാറ്റണമെന്നതിനെയാണ് താന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നതെന്നും നിയമം വളരെ പരിമിതമാണെന്നും പരിശോധയ്ക്ക് വിധേയമാക്കണമെന്നും ഒരു വര്‍ഷം മുമ്പ് താന്‍ സൂചിപ്പിച്ചിരുന്നുവെന്നും വരേദ്കാര്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശു ജനനത്തിന് ശേഷം ജീവിക്കുമെന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ പോലും അമ്മയുടെ ആരോഗ്യത്തിന് പരിഗണന നല്‍കാത്തത് വളരെ പരിതാപകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ‘എന്റെ കൈയില്‍ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരങ്ങള്‍ ഇല്ല, ആരുടെയും കൈയിലില്ല. പ്രധാനമന്ത്രി എന്താണോ പറയുന്നത് നമുക്കത് ചെയ്യാം, ഞാന്‍ അതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു’വരേദ്കാര്‍ പറയുന്നു. വളരെ സംവേദനക്ഷമവും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നതുമായ വിഷയമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിഗണിച്ച് ഉചിതമായ തീരുമാനത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: