പഞ്ചാബ് പത്താന്‍കോട്ട് എയര്‍ബേസില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു

പത്താന്‍കോട്ട് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമ സേനാ എയര്‍ ബേസില്‍ ഭീകരാക്രമണം. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ ഓപ്പറേഷനില്‍ നാല് ഭീകരരെ വധിച്ചു. പുലര്‍ച്ചെ മുതല്‍ ഭീകരരെ പിടികൂടാനായി സുരക്ഷാസേന നടത്തിയ അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചെങ്കിലും വീണ്ടും വെടിയൊച്ച കേട്ടത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മൂന്നോളം ഭീകരര്‍ എയര്‍ബേസിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായത്. സൈനിക വേഷത്തില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. മിഗ് 29 വിമാനങ്ങളും, ഹെലികോപ്റ്ററുകളുമുളള തന്ത്രപ്രധാനമേഖലയാണ് പത്താന്‍കോട്ടിലെ എയര്‍ബേസ്. വെടിയുതിര്‍ത്ത് എത്തിയ ഭീകരര്‍ ടെക്‌നിക്കല്‍ ഏരിയയിലേക്കാണ് കടക്കാന്‍ ശ്രമിച്ചത്. സംഘത്തില്‍ നാലുപേരുണ്ടായിരുന്നു. സൈന്യം നടത്തിയ സുരക്ഷാ ഓപ്പറേഷനില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടെങ്കിലും തുടര്‍ന്ന് കെട്ടിടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഭീകരരുമായി മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. മൂന്നോളം ഭീകരര്‍ ഇപ്പോഴും എയര്‍ബേസിന് അകത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. ഗ്രനേഡുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

തുടര്‍ന്ന് ഭീകരരെ നേരിടാന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായവും തേടിയിരുന്നു. ആക്രമണം നടന്നെങ്കിലും എയര്‍ബേസിലുണ്ടായിരുന്ന വിമാനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും, പാകിസ്താനില്‍ നിന്നുളളവരാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആറുമാസത്തിനിടെ പഞ്ചാബില്‍ നടക്കുന്ന ആറാമത്തെ ഭീകരാക്രമണം ആണിത്. നേരത്തെ ഗുര്‍ദാസ്പൂരില്‍ ഗ്രനേഡുകളും, എ.കെ 47 തോക്കുകളുമായി സൈനിക വേഷത്തിലെത്തിയ ഭീകരരുടെ ആക്രമണത്തില്‍ മൂന്നുസാധാരണക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. പുതുവര്‍ഷവുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നതാണ്. എന്നിട്ടും ഉണ്ടായ ആക്രമണം ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് കണക്കാക്കുന്നതും.

Share this news

Leave a Reply

%d bloggers like this: