മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ (91) അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ (91) അന്തരിച്ചു. കഴിഞ്ഞ മാസം ആദ്യമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകുന്നേരം എട്ട് മണിയോടെയാണ് അന്തരിച്ചത്.

ഡിസംബര്‍ ഏഴിന് രാവിലെയാണ് അദ്ദേഹത്തെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.പി.ഐ ആസ്ഥാനത്ത് താമസിച്ചിരുന്ന അദ്ദേഹത്തെ ഏഴിന് രാവിലെ എട്ടുമണിയോടെ തളര്‍ച്ച അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്നിരുന്നു. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതും ആരോഗ്യനില വഷളാക്കി.

1924 സെപ്റ്റംബര്‍ 24ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ ബരിസാലിലാണ് അര്‍ത്‌ഥേന്ദു ഭൂഷന്‍ ബര്‍ദന്‍ എന്ന എ.ബി ബര്‍ദന്‍ ജനിച്ചത്. ബരിസാല്‍ ഇന്ന് ബംഗ്ലാദേശിന്റെ ഭാഗമാണ്. 1996ല്‍ ഇന്ദ്രജിത് ഗുപ്തയുടെ പിന്‍ഗാമിയായി സി.പി.ഐ ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തിയ ബര്‍ദാന്‍ നീണ്ട പതിനാറ് വര്‍ഷക്കാലം സി.പി.ഐയുടെ തലപ്പത്തിരുന്നു. ഏറ്റവും കൂടുതല്‍ കാലം സി.പി.ഐ ജനറല്‍ സെക്രട്ടറി പദവി വഹിച്ച നേതാവാണ് ബര്‍ദാന്‍.

ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റുന്നതിന് മുമ്പ് നാഗ്പൂര്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 1957ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഗ്പ്പൂരില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. 1967ലും 80ലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നാഗ്പൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 മുതല്‍ അദ്ദേഹം പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: