പത്താന്‍കോട്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

 

പത്താന്‍കോട്ട്: പത്താന്‍കോട്ടിലെ വ്യോമസേന താവളത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റമുട്ടല്‍ അവസാന ഘട്ടത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌രിഷി അറിയിച്ചതാണിക്കാര്യം. വ്യോമസേന താവളത്തില്‍ ഒളിച്ചിരിക്കുന്ന രണ്ട് ഭീകരരെ കൂടി കീഴപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

ഇന്നലെയും ഇന്നുമായി നാല് ഭീകരരെ എന്‍.എസ്.ജി കമാന്‍ഡോകള്‍ വധിച്ചിരുന്നു. ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായി വ്യക്തമായത്. നാല് ഭീകരരുടെ മൃതദേഹം ലഭിച്ചതായും ആഭ്യന്തര സെക്രട്ടറി സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നീ സംഘടനകളാണെന്നും കേന്ദ്രം സ്ഥിരീകരിച്ചു.

രഹസ്യാന്വേഷണ വിവരം ലഭിച്ചതിനാല്‍ തീവ്രവാദികളെ ചെറുക്കാന്‍ കഴിഞ്ഞു. ആക്രമണത്തില്‍ ഇരുപതു പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പത്താന്‍കോട്ടെ വ്യോമസേന താവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയായ നിരഞ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മരിച്ച ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയാണ് നിരഞ്ജന്‍ കുമാര്‍ മരിച്ചത്.

Share this news

Leave a Reply

%d bloggers like this: