പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരരെത്തിയത് മയക്കുമരുന്ന് കടത്തുകാര്‍ വരുന്ന വഴിയിലൂടെ

ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തി സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലെത്തിയത് മയക്കുമരുന്ന് കടത്തുകാര്‍ ഉപയോഗിച്ചിരുന്ന വഴി പിന്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ബീസ് നദിയുടെ കൈവഴികളിലൂടെയാണ് ഭീകരര്‍ പത്താന്‍കോട്ടിനടുത്ത ബാമിയാല്‍ ഗ്രാമത്തില്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് മയക്കുമരുന്ന് കടത്തുകാര്‍ ഉപയോഗിക്കുന്ന രഹസ്യവഴിയിലൂടെ ഭീകരര്‍ ഇന്ത്യയിലെത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്.

അന്താരാഷ്ട്ര അതിര്‍ത്തിക്ക് ഏറ്റവും അടുത്ത പ്രദേശമാണ് ബാമിയാല്‍ ഗ്രാമം. കഴിഞ്ഞമാസം 30, 31 ദിവസങ്ങളിലാണ് ഭീകരര്‍ ഇന്ത്യയിലേക്കു കടന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. ഇവിടെനിന്നാണ് ഭീകരര്‍ ടാക്‌സി തട്ടിയെടുത്ത് ശനിയാഴ്ച പുലര്‍ച്ചെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. ആദ്യ ടാക്‌സി തട്ടിയെടുത്ത് ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ ഭീകരര്‍ പിന്നീട് എസ്പി സല്‍വീന്ദര്‍ സിംഗിനെയും സംഘത്തെയും ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. വാഹനത്തിലുണ്ടായിരുന്നവരെ പിന്നീട് വിട്ടയച്ചു. പഞ്ചാബ് സായുധ സേനയുടെ 75-ാം ബറ്റാലിയന്റെ ചുമതല ഏറ്റെടുക്കുന്നതിനായി കോലിയാന്‍ ഗ്രാമത്തിലേക്കു പോകുകയായിരുന്നു സല്‍വീന്ദര്‍ സിംഗ്. മൂന്നു പേരാണ് ഇദ്ദേഹത്തിന്റെ വാഹനത്തിലുണ്ടായിരുന്നത്. അഞ്ചു ഭീകരരാണ് ഇവരെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ തട്ടിയെടുത്ത എസ്പിയുടെ വാഹനം പിന്നീട് താജ്പുര്‍ ഗ്രാമത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഏഴു സൈനികരാണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ ശനിയാഴ്ചയും നാലു പേര്‍ ഞായറാഴ്ചയും കൊല്ലപ്പെട്ടു. മരിച്ച സൈനികരില്‍ മലയാളിയായ നിരഞ്ജന്‍ കെ. കുമാറും ഇവരില്‍ ഉള്‍പ്പെടുന്നു. നാലു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഭീകരാക്രമണം ആരംഭിച്ചത്. രണ്ടു ഭീകരര്‍ വ്യോമകേന്ദ്രത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്നും ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: