തൊലിക്കട്ടി കൊണ്ടാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത്: കാനം രാജേന്ദ്രന്‍

കോഴിക്കോട്: പരിപൂര്‍ണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ടുമാത്രമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ ജനകീയ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ കാനം വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാര്‍ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടണം. ജനങ്ങളുടെ കോടതിയില്‍ ഒരു ബെഞ്ച് മാത്രമേയുള്ളൂ. അതിനാല്‍ ബെഞ്ചു മാറി ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.
മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ മദ്യനയത്തെക്കുറിച്ച് സിപിഐ അഭിപ്രായം പറയില്ല. എന്തായാലും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തോടു യോജിപ്പില്ല. മദ്യനിരോധനം നടപ്പാക്കിയിട്ടും മദ്യത്തിന്റെ ഉപഭോഗം കൂടുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നതെന്നും കാനം പറഞ്ഞു. ബാറുടമകളില്‍ നിന്നു സംഭാവന സ്വീകരിക്കാം. എന്നാല്‍ സംഭാവനയും കോഴയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ടി.പി. ശ്രീനവാസനെ കയ്യേറ്റം ചെയ്ത സംഭവം ദേശീയതലത്തില്‍ അസഹിഷ്ണുതയ്‌ക്കെതിരെ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന പോരാട്ടങ്ങളെ തളര്‍ത്തുമെന്നും കാനം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: