കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം;കനയ്യ കുമാറിനും മര്‍ദ്ദനമേറ്റു

 
ന്യൂഡല്‍ഹി: ജെഎന്‍യു പ്രശ്നത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വീണ്ടും സംഘര്‍ഷം. ദേശ വിരുദ്ധ പ്രസ്താവന ആരോപിച്ച് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇന്നും സംഘര്‍ഷമുണ്ടായത്. രണ്ടു ദിവസം മുന്‍പ് കോടതി പരിസരത്ത് വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച 50 ഓളം അഭിഭാഷകര്‍തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ കല്ലെറിഞ്ഞ അഭിഭാഷക സംഘം പോലീസ് സുരക്ഷയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കനയ്യ കുമാറിനെയും മര്‍ദ്ദിച്ചു.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് 400 ഓളം പോലീസുകാര്‍ കോടതി പരിസരത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. എന്നാല്‍, പോലീസിനെ കാഴ്ചക്കാരാക്കി 50 ഓളം അഭിഭാഷകര്‍ വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി 10 മിനിറ്റിനകം പോലീസ് അഭിഭാഷകനോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. കോടതി പരിസരത്തെ സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി അഭിഭാഷക സംഘത്തെ പോലീസ് സുരക്ഷയില്‍ പട്യാല ഹൗസ് കോടതിയിലേക്ക് അയച്ചു. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കനത്ത സുരക്ഷ നല്‍കണമെന്ന് രാവിലെ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പോലീസ് സുരക്ഷയും മറികടന്ന് അഭിഭാഷകര്‍ കനയ്യ കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: