പനാമ രേഖകളില്‍ റാന്നി സ്വദേശിയും

പത്തനംതിട്ട: പനാമ രേഖകളില്‍ പറയുന്ന പേരുകളില്‍ ഒരു മലയാളിയുടെ പേരു കൂടി. റാന്നി സ്വദേശി ദിനേശ് പരമേശ്വരന്റെ പേരാണു പുതിയ രേഖകളില്‍ ഉള്ളത്. ഗല്‍ഡിംഗ് ട്രേഡിംഗ് കമ്പനി ഡയറക്ടറാണു ദിനേശ്.

പാനമയിലെ രഹസ്യനിക്ഷേപകരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും സിംഗപ്പൂരില്‍ പ്രവാസിയുമായ ജോര്‍ജ് മാത്യുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു പന്ത്രണ്ടു വര്‍ഷമായി സിംഗപ്പൂരിലാണ്. ഫ്യൂച്ചര്‍ ബുക്‌സ് എന്ന പേരിലുള്ള കമ്പനിയിലാണ് ഇദ്ദേഹം പണം നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍, പന്ത്രണ്ടു വര്‍ഷമായി വിദേശത്തു താമസിക്കുന്ന തനിക്ക് റിസര്‍വ് ബാങ്കിന്റെയും ഇന്ത്യയിലെയും നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ് ജോര്‍ജ് മാത്യു നല്‍കിയ വിശദീകരണം.

പാനമ രേഖകളുടെ മൂന്നാമത്തെ പട്ടികയില്‍ ടുജി സ്‌പെക്ട്രം കേസിലെ വിവാദ കോര്‍പറേറ്റ്് ഇടനിലക്കാരി നീര റാഡിയയുമുണ്ട്. നീര റാഡിയയ്ക്ക് ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡ്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രൗണ്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിലാണു നിക്ഷേപമുള്ളതെന്നാണ് രേഖകളില്‍ പറയുന്നത്. കമ്പനിയുടെ 2004വരെയുള്ള രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നത് നീരാ റാഡിയ തന്നെയാണ്. സതീഷ് കെ. മോദി, മൗദുരി ശ്രീനിവാസ് പ്രസാദ്, ഭവനാശി ജയകുമാര്‍, ഭാസ്‌കര്‍ റാവു, പ്രീതം ബോത്‌റ, ശ്വേത ഗുപ്ത, അശോക് മല്‍ഹോത്ര തുടങ്ങിയ വ്യവസായികളുടെ നിക്ഷേപത്തിന്റെ വിവരങ്ങളാണു കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്.

അതിനിടെ പനാമ രേഖകള്‍ സംബന്ധിച്ച് എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുതെന്നു റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി. എല്ലാക്കാര്യങ്ങളും നിയമവിരുദ്ധമാണെന്നു നിയമവിധേയമാണെന്നോ ഉള്ള തീരുമാനത്തിലേക്ക് എടുത്തുചാടി എത്തിച്ചേരാനാകില്ലെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുദ്ര വ്യക്തമാക്കിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: