ജിഷ വധം: പ്രതിഷേധം തണുപ്പിക്കാന്‍ പൊലീസുകാരെ പ്രതികളായി വ്യാജവേഷം കെട്ടിച്ച് പൊലീസിന്റെ നാടകം

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതക കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പൊലീസുകാരെ പ്രതികളായി വേഷം കെട്ടിച്ച് നടത്തിയ നാടകം ദൃശ്യമാധ്യമങ്ങള്‍ക്കായി നടത്തിയ ഷോ ആയിരുന്നെന്ന് റിപ്പോര്‍ട്ട്. കളമശേരി കെഎപി റിസര്‍വ് ക്യാംപിലെ അഞ്ചാം ബറ്റാലിയനിലെ രണ്ട് പൊലീസുകാരെയാണ് പ്രതിയെ പിടികൂടിയെന്ന മട്ടില്‍ മുഖംമൂടിയിട്ട് ക്യാമറകള്‍ക്ക് മുന്നില്‍ നടത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ രോഷം കത്തിക്കയറുമ്പോഴായിരുന്നു ഈ നാടകം. ഇതുസരിച്ച് പൊലീസിന്റെ വാക്കുകള്‍ വിഴുങ്ങി എല്ലാ ദൃശ്യമാധ്യമങ്ങളും പ്രതിയെ പിടികൂടിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. അന്വഷണത്തിന്റെ ഭാഗമായി ഏതാനും പേരെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു അവരെ പ്രതിയാക്കി ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴുള്ള ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഈ ‘ദൃശ്യം’ ലഭിക്കാനാണ് എആര്‍ ക്യാംപിലെ പൊലീസുകാരെ മുഖം തുണിയിട്ട് മറച്ച് ക്യാമറയ്ക്ക് മുന്നിലുടെ സ്റ്റേജ് ഷോ നടത്തിയത്. എറണാകുളം റൂറലിലെ ഒരു ഡിവൈഎസ്പിയായിരുന്നു ഈ നാടകത്തിന്റെ സംവിധായകനെന്നാണ് സൂചനകള്‍.

എഡിജിപി കെ പത്മകുമാര്‍, എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവ്, ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍ എന്നിവരായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. ഇതില്‍ ഡിവൈഎസ്പി അനില്‍കുമാറിനെ ഇപ്പോള്‍ സംഘത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപകരം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എ ബി ജിജിമോനെ സംഘത്തില്‍ ഉള്‍പ്പെടുത്തി.

അതേസമയം പൊലീസുകാരെ വേഷം കെട്ടിച്ച സംഭവം മുഖ്യമന്ത്രി നിഷേധിച്ചു. പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: