ജിഷയുടെ കൊലപാതകം: പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ചപറ്റിയെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്

ആലപ്പുഴ: പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനു ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫെറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല എന്നിവരുടെ സംഘം നാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തും.

ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.ജയലേഖ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം.റംല ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ.ഇളങ്കോവനു കൈമാറി. അതീവ ഗൗരവമായ കൊലപാതക കേസില്‍ വേണ്ടത്ര ഗൗരവം നല്‍കാതെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും അസോഷ്യറ്റ് പ്രഫസര്‍ പൂര്‍ണമായും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തില്‍ അസോഷ്യറ്റ് പ്രഫസര്‍ പങ്കെടുത്തെങ്കിലും പൂര്‍ണ സമയം ചിലവഴിച്ചില്ല. മാത്രമല്ല, ഗുരുതരമായ കേസില്‍ സ്ഥല പരിശോധനയ്ക്ക് അസോഷ്യറ്റ് പ്രഫസര്‍ പോയില്ല. പകരം പിജി വിദ്യാര്‍ഥിയെയാണ് സ്ഥല പരിശോധനയ്ക്ക് അയച്ചത്. ഇതു തെളിവു ശേഖരണത്തില്‍ വീഴ്ച വരുത്തി.

മെഡിക്കല്‍ കോളജില്‍ ക്ലാസ് എടുക്കാനുണ്ടായിരുന്നതിനാലാണ് പൂര്‍ണ സമയം പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അസോഷ്യറ്റ് പ്രഫസര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഈ വിശദീകരണത്തില്‍ ആരോഗ്യ സെക്രട്ടറി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഗൗരവമായ പോസ്റ്റ്മോര്‍ട്ടം നടത്താതെ ക്ലാസ് എടുക്കാന്‍ പോയതു ന്യായീകരിക്കാന്‍ പറ്റില്ലെന്നു അപ്പോള്‍ തന്നെ ഡോ. ഇളങ്കോവന്‍ പറയുകയും ചെയ്തു.

മാത്രമല്ല, നിയമ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റു വാങ്ങിയത് പിജി വിദ്യാര്‍ഥിയാണ്. നാലു പേരുള്ള ഫൊറന്‍സിക് വിഭാഗത്തില്‍ ആ സമയം ആരും ഉണ്ടായിരുന്നില്ല. ഗൗരവമുള്ള കേസ് ആയിട്ടു കൂടി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കൈമാറുന്നതില്‍ കാലതാമസം വന്നു. 29ന് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് നല്‍കിയത് ഇന്നലെ മാത്രമാണ്. കൂടാതെ പോസ്റ്റ്മോര്‍ട്ടം വിഡിയോ ചിത്രീകരണം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതി വിശദമായ അന്വേഷണം നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: