ഉച്ചവരെ 53.26 ശതമാനം പോളിങ്; തെക്കന്‍ കേരളത്തില്‍ കനത്ത മഴ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് ഒരു മണിവരെ കേരളത്തിലാകെ 53.26 പോളിങ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പലയിടങ്ങളിലും വന്‍ ക്യൂവാണ് കാണുന്നത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും മന്ദഗതിയിലാണ് വോട്ടെടുപ്പ്. 2011ലെ തിരഞ്ഞെടുപ്പിലേതിനേക്കാളും കുറവ് വോട്ടാണ് രേഖപ്പെടുത്തുന്നത്. ഉമ്മന്‍ ചാണ്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, പത്മജ വേണുഗോപാല്‍, എസ്.ശ്രീശാന്ത്, ഷിബു ബേബി ജോണ്‍, എ.കെ.ആന്റണി തുടങ്ങിയ പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവും മലമ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.എസ്.അച്യുതാനന്ദന്‍ വോട്ട് രേഖപ്പെടുത്തിയില്ല. അദ്ദേഹത്തിനു ആലപ്പുഴയിലാണ് വോട്ട്. മലമ്പുഴ മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചു.

ത്രികോണമല്‍സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴയാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയവിടങ്ങളില്‍ ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്.

ആലപ്പുഴ മണ്ഡലത്തില്‍ കലവൂരും കായംകുളം കൃഷ്ണപുരത്തും പട്ടണക്കാടു എഴുപുന്നയിലും വോട്ടിങ് യന്ത്രം പണിമുടക്കി. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞു വീണു. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് തലവടിയില്‍ രണ്ടു ബൂത്തുകളില്‍ പോളിങ് തുടങ്ങാന്‍ വൈകി. അര്‍ത്തുങ്കലില്‍ അന്ധയെ വോട്ടു ചെയ്യാന്‍ പൊലീസ് സഹായിച്ചതു വിവാദമായി. ഇവരുടെ വോട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറോ രക്ത ബന്ധത്തിലുള്ളവരോ ആണ് സഹായിക്കേണ്ടത്. ഇതേത്തുടര്‍ന്ന് ബൂത്തില്‍ തര്‍ക്കമുണ്ടായി. കണ്ടല്ലൂരില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് അര മണിക്കൂറോളം പോളിങ് തടസപ്പെട്ടു. കായംകുളം മണ്ഡലത്തില്‍ എരുവ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായി. 10 മിനിറ്റ് പോളിങ് തടസപ്പെട്ടു.

ഇടുക്കി ഈരാറ്റുപേട്ടയില്‍ രണ്ടു ബൂത്തുകളില്‍ മെഷിന്‍ പണിമുടക്കിയതിനാല്‍ നിര്‍ത്തിവച്ചു. പീരുമേട്ടിലും യന്ത്രത്തിനു പിണക്കം. പകരമെത്തിച്ചു പ്രശ്‌നം പരിഹരിച്ചു. പള്ളിവാസലിലും, ദേവികുളത്തും വോട്ടിങ് യന്ത്രങ്ങള്‍ പിണങ്ങി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം

പത്തനംതിട്ട പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വോട്ടിങ് യന്ത്രത്തില്‍ തെറ്റായി കാണിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആറന്മുള നിയോജകമണ്ഡലത്തിലെ ഇലന്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 100ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.

എറണാകുളം ജില്ലയില്‍ കനത്ത പോളിങ്ങാണ് നടക്കുന്നത്. മഴയെ അവഗണിച്ചും നിരവധിപ്പേര്‍ വോട്ട് ചെയ്യുന്നതിനെത്തുന്നുണ്ട്. നടനും സംവിധായകനുമായ ശ്രീനിവാസന്‍ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വോട്ടു ചെയ്തു. ഗിന്നസ് പക്രു കണയന്നൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ടു ചെയ്തു. എറണാകുളത്തെ 77–ാം നമ്പര്‍ ബൂത്തില്‍ വോട്ടുയന്ത്രം കേടായി. കൊച്ചി നഗരത്തില്‍ രണ്ടു മണിക്കൂറായി മഴയില്ല. ആകാശത്തു മഴമേഘങ്ങളുണ്ടെങ്കിലും പോളിങ് ബൂത്തുകളില്‍ മോശമല്ലാത്ത ക്യൂ. മഴയില്ലാത്തതിനാല്‍ പിറവം–കുന്നത്തുനാട് മണ്ഡലങ്ങളില്‍ കനത്ത പോളിങ്. കുന്നത്തുനാട് 38%, പിറവം 38.1%. മഴയിലും ആലുവയില്‍ മോശമല്ലാത്ത പോളിങ്. 32.10%. അനിഷ്ട സംഭവങ്ങളില്ല.

പിറവം മണ്ഡലത്തിലെ പാഴൂര്‍ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന പേരില്‍ സംഘര്‍ഷം. ചിലരുടെ പേര് മരിച്ചതോ സ്ഥലം മാറിപ്പോയതോ ആയ നിലയില്‍ വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തിരുന്നു. ഇവര്‍ ഇതേ സ്ഥലത്ത് വോട്ടര്‍ ആണെന്നു പറഞ്ഞാണു തര്‍ക്കം. പിറവം ടൗണില്‍ രാവിലെ വൈദ്യുതി നിലച്ചതിനെ തുടര്‍ന്നു മെഴുകു തിരി കത്തിച്ചു വച്ച് വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാഴൂരില്‍ സംഘര്‍ഷം., വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ ബലമായി വോട്ടിനു ശ്രമിക്കുന്നു. ആകെ ഒച്ചയും ബഹളവും, കേന്ദ്ര സേന സ്ഥലത്തുണ്ട്.

തൃശൂര്‍ ജില്ലയില്‍ മഴ തുടരുന്നതിനാല്‍ പോളിങ് മന്ദഗതിയിലാണ്. വരന്തരപ്പള്ളി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ രണ്ടു ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടിരിക്കുന്നു. വോട്ടിങ് മെഷീന്‍ തകരാറും വെളിച്ചക്കുറവുമാണ് കാരണം. മഴയത്തു കറന്റ് പോയതുമൂലം മലയോര മേഖലകളിലെ പല ബൂത്തുകളിലും പോളിങ് നടക്കുന്നതു മെഴുകുതിരി വെളിച്ചത്തില്‍. രണ്ടിടങ്ങളില്‍ പോളിങ് വെളിച്ചക്കുറവു മൂലം തടസപ്പെട്ടി!രിക്കുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ അട്ടപ്പാടി ഷോളയൂര്‍ കുലുക്കൂര്‍ ബൂത്തിലും തരൂര്‍ മണ്ഡലത്തിലെ കഴനി, പഴമ്പാലക്കോട് ബൂത്തുകളിലും വോട്ടിങ് യന്ത്രം പണിമുടക്കിയതിനാല്‍ പോളിങ് തുടങ്ങിയത് അര മണിക്കൂറോളം വൈകി. അട്ടപ്പാടിയിലും ചിറ്റൂരിലും കനത്ത പോളിങ്. അട്ടപ്പാടിയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ തണ്ടര്‍ ബോള്‍ട്ടിന്റെയും കേന്ദ്രസേനയുടെയും കനത്ത സുരക്ഷയില്‍ പോളിങ് തുടരുന്നു. ചാറ്റല്‍ മഴയെ അവഗണിച്ചും ആദിവാസി ഊരുകളില്‍ നിന്നു വോട്ടര്‍മാര്‍ ബൂത്തിലേക്ക്. ഊരുകളില്‍ നിന്നു ബൂത്തുകളിലേക്കു വോട്ടര്‍മാരെയെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഗവ. എല്‍പി സ്‌കൂളിലെ 108 ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറില്‍. ഒരു മണിക്കൂര്‍ പോളിങ് തടസപ്പെട്ടു. നെന്‍മാറ നിയോജകമണ്ഡലത്തിലെ വടവന്നൂര്‍ 45 ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറില്‍. ഒരു മണിക്കൂര്‍ പോളിങ് തടസപ്പെട്ടു.

മാവോയിസ്റ്റ് ഭീഷണിയുള്ള അട്ടപ്പാടി ചിണ്ടക്കിയിലെ പോളിങ് ബൂത്തില്‍ സുരക്ഷാ ചുമതല സംബന്ധിച്ച് പൊലീസും കേന്ദ്രസേനയും തര്‍ക്കം. പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്ന വോട്ടര്‍മാരെ പരിശോധിക്കുന്ന കേരള പൊലീസ് ഉദ്യോഗസ്ഥനെ മാറ്റാന്‍ കേന്ദ്രസേനാംഗം ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു ഇടയാക്കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടു. സുരക്ഷാ ചുമതല കേന്ദ്രസേന ഏറ്റെടുത്തു.

മകന്റെ മരണത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ പോളിങ് ഓഫിസര്‍ വീട്ടിലേയ്ക്കു മടങ്ങി. പനമണ്ണ പത്താംകുളം എല്‍പി സ്‌കൂള്‍ ബൂത്തിലെ പോളിങ് ഓഫിസര്‍ കെ.വി.സുധാമന്റെ മകന്‍ ശ്രീകാന്ത് (16) അകത്തേത്തറയില്‍ കുളത്തില്‍ മുങ്ങി മരിച്ചു. ബൂത്തില്‍ പകരം ഉദ്യോഗസ്ഥനെ നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാഹനത്തില്‍ സുധാമനെ വീട്ടിലെത്തിച്ചു. ഹേമാംബികനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ശ്രീകാന്ത്.

കണ്ണൂര്‍ ജില്ലയില്‍ മൂന്നിടത്ത് യന്ത്രം പണിമുടക്കിയെങ്കിലും തകരാര്‍ പരിഹരിച്ചു പോളിങ് തുടര്‍ന്നു. മഴ ഭീഷണിയുള്ളതിനാല്‍ സ്ത്രീകള്‍ കൂട്ടത്തോടെ രാവിലെ തന്നെ വോട്ട് ചെയ്തു മടങ്ങുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനു വോട്ടുള്ള ഗവ. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്നു സുധാകരന്‍ വോട്ട് ചെയ്യാതെ മടങ്ങി. തകരാര്‍ പരിഹരിച്ചതിനു ശേഷം വീണ്ടുമെത്തി വോട്ട് ചെയ്തു. ചെറുതാഴം സ്‌കൂളില്‍ തിരിച്ചറിയല്‍ രേഖയെ ചൊല്ലി കേന്ദ്രസേനയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നായ കുറ്റിയാട്ടൂര്‍ എയുപി സ്‌കൂളില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നു പരാതി. വോട്ട് ചെയ്ത് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തിനു സമീപം സംഘടിച്ചു നില്‍ക്കുന്നു. ബൂത്തിനു സമീപം നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്ന ബൂത്താണിത്. അന്ന് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കു മര്‍ദനമേറ്റിരുന്നു. ഉദുമ നിയോജക മണ്ഡലത്തിലെ അരമങ്ങാനം 67ാം ബൂത്തില്‍ സംഘര്‍ഷം. യുഡിഎഫ് ഇന്‍ ഏജന്റ് അബ്ദുല്‍ ഖാദറെ(40) എല്‍ഡിഎഫ് ഇന്‍ ഏജന്റുമാര്‍ ബൂത്തിനകത്തു വച്ചു മര്‍ദിച്ചതായി പരാതി. തിരുവക്കോളി 81ാം ബൂത്തില്‍ യുഡിഎഫ് ഇന്‍ ഏജന്റിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്നു പൊലീസ് ഇടപെട്ട് ഇയാളെ ബൂത്തിലിരുത്തി. ഉദുമ മണ്ഡലത്തില്‍ പാക്കം ജിഎച്ച്എസ്എസിലെ 95 ാം നമ്പര്‍ ബൂത്തില്‍ മെഷിന്‍ തകരാറു മൂലം 35 മിനിറ്റ് വോട്ടിങ് തടസ്സപ്പെട്ടു. പിന്നീട്, പകരം മെഷിന്‍ എത്തിച്ചു വോട്ടിങ് പുനരാരംഭിച്ചു.

കുറ്റിയാട്ടൂര്‍ യുപി സ്‌കൂളില്‍ 154 ബൂത്തില്‍ വെബ് ക്യാമറ ഇല്ല. 115ലേതു കേടാക്കിയതായി ആക്ഷേപം. ചെറുതാഴം സ്‌കൂളില്‍ തിരിച്ചറിയല്‍ േരഖയെ ചൊല്ലി കേന്ദ്രസേനാംഗങ്ങളും സിപിഎമ്മുകാരും തമ്മില്‍ തര്‍ക്കം. മുന്നു സിപിഎമ്മുകാര്‍ക്കു പരുക്കേറ്റതായി ആക്ഷേപം. കടന്നപ്പള്ളി ഈസ്റ്റ് എല്‍പി സ്‌കൂളില്‍ പോളിങ് ഓഫിസര്‍ക്കു സുഖമില്ലാതായി. ആശുപത്രിയിലേക്കു മാറ്റി. അഴീക്കോട് ഗവ. മാപ്പിള യുപി സ്‌കൂളില്‍ യന്ത്രം പണിമുടക്കി. വോട്ടിങ് രണ്ടു മണിക്കൂര്‍ വൈകി. പാട്യം മുതിയങ്ങ ശങ്കരവിലാസം എല്‍പി സ്‌കൂളില്‍കള്ളവോട്ടു ചെയ്യാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. 45, 46 ബൂത്തുകളില്‍ വ്യാപക കള്ളവോട്ടു നടക്കുന്നതായി യുഡിഎഫ് പരാതി.

മലപ്പുറം ജില്ല പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പുലാമന്തോള്‍ ടിഎന്‍ പുരം യുപി സ്‌കൂളിലെ 141–ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായി പോളിങ് മുടങ്ങി. പുറത്ത് നീണ്ട ക്യൂ.

കാസര്‍കോട് നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്ന് കാസര്‍കോട് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി വോട്ട് ചെയ്തു. കാഞ്ഞങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍ കോളിയടുക്കം ഗവ. യുപി. സ്‌കൂളിലെത്തി വോട്ട് ചെയ്തു.

മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളി ഏയ്ജല്‍സ് കോണ്‍വെന്റിലെ 123–ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് പോളിങ് 20 മിനിറ്റ് മുടങ്ങി. പുതിയ യന്ത്രം എത്തിച്ച് പോളിങ് ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍.

140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടര്‍മാര്‍ 2.60 കോടി. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടര്‍മാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടര്‍ പട്ടികയിലുണ്ട്. രണ്ടരമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമാണ് ഇത്തവണ മൂന്നുമുന്നണികളും നടത്തിയത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും പുറമെ മൂന്നാം മുന്നണി എന്ന നിലയില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും പ്രചാരണരംഗത്ത് ശക്തമായിരുന്നു. അതിനാല്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. അതുകൊണ്ട് പോളിങ് ശതമാനം കൂടുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: