രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന തിരഞ്ഞെടുപ്പ്…ബിജെപിക്ക് നേട്ടം..കോണ്‍ഗ്രസിന് തിരിച്ചടി…ഇടതിന് കേരളത്തില്‍ നേട്ടവും ബംഗാളില്‍ നിരാശയും

നിയസഭാ തിരഞ്ഞെടുപ്പുകളുടെ ചിത്രം തെളിഞ്ഞ് കഴിയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ആശങ്കപെടാനേറെ.  അര്യാടന്‍ ഷൗക്കത്ത്, ഷിബുബേബി ജോണ്‍, കെ. ബാബു, കെപിമോഹനന്‍. എന്‍ ശക്തന്‍  തുടങ്ങി ഒട്ടേറെ പേര്‍ പരാജയത്തിന്‍റെ രുചി അറിഞ്ഞപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും മറുപടി പറയേണ്ടി വരും. അതേ സമയം തന്നെ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി ഏഴിടത്ത് രണ്ടാമത് വരികയും ചെയ്തു.  ബിജെപിയെ സംബന്ധിച്ച് ഇത് നേട്ടമാണ്. പതിനഞ്ച് ശതമാനത്തിനടുത്ത് വോട്ട് വിഹിതം അവര്‍ക്ക് കണ്ടെത്താനായതെന്നാണ് സൂചന. പാലക്കാട് മഞ്ചേശ്വരം വട്ടിയൂര്‍ കാവ് എന്നിവിടങ്ങളില്‍  ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെയ്ക്കാനും ബിജെപിക്കായി.  നിലവിലെ സൂചനകള്‍ പ്രകാരം വിലയിരുത്തിയാല്‍ കേരളത്തിലെ സാമുദായി വോട്ടുകളില്‍ മാറ്റം വരുന്നതായാണ് കാണുന്നത്.  ഏറ്റവും വലിയ ഈഴവ വോട്ട്  കൈവശം വെച്ചിരിക്കുന്നതായി കരുതുന്ന ഇടത് പാര്‍ട്ടിക്ക് ബിജെപി-ബിഡിജെഎസ് രാഷ്ട്രീയം  തിരിച്ചടി നല്‍കുമെന്നാണ് എന്നാല്‍ ഈ രീഷ്ട്രീയം കോണ്‍ഗ്രസിന് തിരിച്ചടിയാവുക മാത്രമല്ല ന്യൂനപക്ഷ വോട്ടുകളില്‍ എല്‍ഡിഎഫിന് അനുകൂലമായി ചിന്തിക്കാനുള്ള സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ടെന്ന് വേണം കരുതാന്. വരും നാളുകളിലെ രാഷ്ട്രീയത്തില്‍ എന്ത് മാറ്റമാണ് ഇതുണ്ടാക്കുകയെന്നത് കാത്തിരുന്നത് കാണാം.

അതേ സമയം തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതിന്  വീണ്ടും ആശങ്ക നല്‍കുന്നതാണ് ബംഗാളിലെ ഫലം. കേവലം 24 സീറ്റുകളിലാണ് സിപിഎം ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ആകട്ടെ 44 സീറ്റിലും ആണ്  മുന്നേറ്റം സാധ്യമാക്കിയത്.  കോണ്‍ഗ്രസുമായി ചേര്‍ന്നിട്ട് പോലും സിപിഎമ്മിന് സീറ്റുകളുടെ എണ്ണത്തില്‍ നഷ്ടമാണെന്നത് ശ്രദ്ധേയമാണ്. അതേ സമയം ബിജെപി ഏഴോളം സീറ്റുകളില്‍ മുന്നേറിയിട്ടുണ്ട്.  ബംഗാളില്‍ കോണ്‍ഗ്രസിന് തങ്ങളുടെ സ്ഥിതി തുടരാന്‍ സാധിച്ചെന്നതാണ് ആശ്വാസകരമായിട്ടുള്ളത്. അതേ സമയം കൂടുതല്‍ നേട്ടത്തിന് സിപിഎം സഖ്യം മൂലം സാധിച്ചിട്ടുമില്ല. കേരളത്തിലും ബംഗാളിലും താമര വിരിയിച്ച ബിജെപിക്ക് അസാമില്‍ അധികാരത്തിലേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നത്.  സിപിഎമ്മിനെ സംബന്ധിച്ച് പശ്ചിമ ബംഗാളിലെ തിരിച്ച് വരവില്ലാതെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന്യം വീണ്ടെടുക്കാനും സാധിക്കില്ല. 27 ശതമാനത്തിലേറെ വോട്ട് ഇക്കുറിയും കിട്ടിയെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും പതിനൊന്ന് ശതമാനത്തിലേറെ വോട്ടുമാണ് ബംഗാളില്‍ നേടാനായിരിക്കുന്നത്.  അസം ബിജെപി സഖ്യം 85 സീറ്റ് വരെ നേടുന്ന സ്ഥിതിയാണുള്ളത്.

എല്‍.ഡി.എഫ് 91 സീറ്റുകളില്‍ വിജയം ഉറപ്പിച്ചപ്പോള്‍, യു.ഡി.എഫ് 47 സീറ്റുകളിലേക്ക് ചുരുങ്ങി. മൂന്നു മുന്നണികളോടും മത്സരിച്ച ജനപക്ഷ സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ് പൂഞ്ഞാറില്‍ 27,821 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഞെട്ടിക്കുന്ന വിജയം നേടി. നേമത്ത് ഒ.രാജഗോപാല്‍ ബി.ജെ.പിക്ക് വേണ്ടി അക്കൗണ്ട് തുറന്നു.

യു.ഡി.എഫില്‍ ആര്‍.എസ്.പി, വീരേന്ദ്രകുമാറിന്റെ ജനതാദള്‍, എല്‍.ഡി.എഫില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.
മഞ്ചേശ്വരത്ത് 89 വോട്ടിന് ബി.ജെ.പിയിലെ കെ.സുരേന്ദ്രന്റെ തോല്‍വിയും ശ്രദ്ധേയാണ്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ യു.ഡി.എഫിനെ അനില്‍ അക്കര മൂന്ന് വോട്ടിന് സി.പി.എമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തി. ഒരു ബൂത്തിലെ വോട്ടിംഗ് യന്ത്രം കേടായതിനെ തുടര്‍ന്ന് തുറക്കാന്‍ കഴിഞ്ഞില്ല. ഇവിടെ എല്‍.ഡി.എഫ് റീ കൗണ്ടിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലം പൂര്‍ണ്ണമായും ചുവന്നു. തൃശൂരും ആലപ്പുഴയിലും പത്തനംതിട്ടയിലും ഒന്നുവീതം സീറ്റുകളിലാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്. മലപ്പുറവും കോട്ടയവും എറണാകുളവും യു.ഡി.എഫിന് ആശ്വാസം നല്‍കി. എന്നാല്‍ യു.ഡി.എഫ് കോട്ടയായ എറണാകുളത്ത് എല്‍.ഡി.എഫ് വിള്ളല്‍ വീഴ്ത്തി. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനെ അട്ടിമറിച്ച് എം.സ്വരാജ് നേടിയ വിജയമാണ് ഏറ്റവും ശ്രദ്ധേയം.

തിരുവനന്തപുരത്ത് 14ല്‍ ഒമ്പത് സീറ്റുകളും എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ വി.എസ് ശിവകുമാറും കെ.മുരളീധരനും ആശ്വാസ ജയം നേടി. നേമം രാജഗോപാലും കോവളത്തം എം. വിന്‍സെന്റും പിടിച്ചെടുത്തു. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ അട്ടിമറിച്ച് സി.പി.എം സീറ്റ് പിടിച്ചെടുത്തു.

കൊല്ലത്ത് പതിനൊന്ന് സീറ്റുകളും എല്‍.ഡി.എഫ് പിടിച്ചെടുത്തു. ചവറയില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ തോല്‍വിയാണ് ഏറ്റവും ശ്രദ്ധേയം. പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാറും ഉജ്വല വിജയം നേടി. കൊല്ലം മണ്ഡലത്തില്‍ നടന്‍ മുകേഷും തിളക്കമാര്‍ന്ന വിജയം നേടി. ചടയമംഗലത്ത് എം.എം ഹസനെ തോല്‍പ്പിച്ച് മുല്ലക്കര രത്നാകരന്‍ സീറ്റ് നിലനിര്‍ത്തി. ഇരവിപുരത്ത് എ.എ അസീസ് തോറ്റു.

പത്തനംതിട്ടയിലും എല്‍.ഡി.എഫിന് മികച്ച വിജയമാണ്. തിരുവല്ലയില്‍ മാത്യൂ ടി തോമസും റാന്നിയില്‍ രാജു ഏബ്രഹാമും ആറന്മുളയില്‍ ശിവദാസന്‍ നായരെ അട്ടിമറിച്ച് മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജും അടൂരില്‍ ചിറ്റയം ഗോപകുമാറും വിജയിച്ചു. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ വിജയം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
ആലപ്പുഴയിലെ ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിന്. ഇവിടെ രമേശ് ചെന്നിത്തല വിജയിച്ചു. അരൂര്‍- എ.എം ആരിഫ്, ചേര്‍ത്തല-പി.തിലോത്തമന്‍, ആലപ്പുഴ- ഡോ. ടി.എം തോമസ് ഐസക്ക്, അമ്പലപ്പുഴ- ജി.സുധാകരന്‍, കുട്ടനാട്- തോമസ് ചാണ്ടി, കായംകുളം- പ്രതിഭാ ഹരി, മാവേലിക്കര-ആര്‍. രാജേഷ്, ചെങ്ങന്നൂര്‍- അഡ്വ.കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ വിജയിച്ചു. ഇവിടെ പി.സി വിഷ്ണുനാഥിന്റെ പരാജയമാണ് ഏറ്റവും ശ്രദ്ധേയം.
കോട്ടയം ജില്ലയില്‍ ഒമ്പത് സീറ്റുകളില്‍ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിജയിക്കാനായി. പൂഞ്ഞാറില്‍ പി.സി ജോര്‍ജ് വിജയിച്ചപ്പോള്‍ വൈക്കം സി.പി.ഐയിലെ സി.കെ ആശയും ഏറ്റുമാനൂരില്‍ സി.പി.എമ്മിലെ സുരേഷ് കുറുപ്പും അഭിമാനാര്‍ഹമായ വിജയം നേടി. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33,632 വോട്ടുകള്‍ക്കും വിജയിച്ചു.
ഇടുക്കിയില്‍ അഞ്ചില്‍ മൂന്നു സീറ്റുകള്‍ എല്‍.ഡി.എഫ് നേടി. ദേവികുളത്ത് എസ്.രാജേന്ദ്രന്‍ വിജയിച്ചപ്പോള്‍ അണ്ണാ ഡി.എം.കെ മൂന്നാമതെത്തി. ഉടുമ്പന്‍ചോലയില്‍ എം.എം മണി 1109 വോട്ടിന് വിജയിച്ചു. തൊടുപുഴയില്‍ പി.ജെ ജോസഫും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കേരള കോണ്‍ഗ്രസിനു വേണ്ടി യു.ഡി.എഫിന് ആശ്വാസ ജയം നല്‍കി. ഫോട്ടോഫിനിഷിനൊടുവില്‍ പീരുമേട് 314 വോട്ടിന് ഇ.എസ് ബിജിമോള്‍ നിലനിര്‍ത്തി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി എന്നിവ യു.ഡി.എഫ് പിടിച്ചെടുത്തു. ആലുവ, കളമശേരി, പറവൂര്‍, എറണാകുളം, കുന്നത്തുനാട്, പിറവം എന്നിവ യു.ഡി.എഫിന് ലഭിച്ചു.
വൈപ്പിന്‍ സി.പി.എം നിലനിര്‍ത്തി. തൃപ്പൂണിത്തുറ പിടിച്ചെടുത്തു. കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷന്‍ പിന്നിലാണ്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ വീണു. കോതമംഗലത്ത് ടി.യു കുരുവിള ആന്റണി ജോണിനോട് തോറ്റു.
തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ വടക്കാഞ്ചേരിയില്‍ അനില്‍ അക്കര നേടിയ മൂന്ന് വോട്ടിന്റെ വിജയം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. തൃശൂരില്‍ പത്മ വേണുഗോപലും കുന്നമംഗലത്ത് സി.പി ജോണും മണലൂരില്‍ ഒ.അബ്ദുറഹ്മാന്‍കുട്ടിയും ഒല്ലൂരില്‍ എം.പി വിന്‍സെന്റും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കൊടുങ്ങല്ലൂരില്‍ കെ.പി ധനപാലനും തോല്‍വിയറിഞ്ഞു.
പാലക്കാട് 12 മണ്ഡലങ്ങളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് നേടി. തൃത്താലയില്‍ വി.ടി ബല്‍റാം, മണ്ണാര്‍ക്കാട് അഡ്വ. എന്‍.ഷംസുദ്ദീന്‍, പാലക്കാട് ഷാഫി പറമ്പില്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ മാനം കാത്തപ്പോള്‍ ചിറ്റൂരില്‍ കെ.അച്യുതന്‍ ജെ.ഡി.എസിലെ കെ.കൃഷ്ണന്‍കുട്ടിയോട് തോറ്റു. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടു. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കൊങ്ങാട്, മലമ്പുഴ, തരൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവ എല്‍.ഡി.എഫിനൊപ്പം നിന്നു. പ്രതിപക്ഷ നേതാവ് മത്സരിച്ച വി.ഐ.പി മണ്ഡലമായ മലമ്പുഴയില്‍ 27,142 വോട്ട് ലീഡ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ വി.എസ് ജോയി മൂന്നാം സ്ഥാനത്തേക്ക് പോയി.
മലപ്പുറത്ത് 16 മണ്ഡലങ്ങളില്‍ കൊണ്ടോടി, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, പി.ഉബൈദുള്ള, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്‍, കോട്ടയ്ക്കല്‍ മണ്ഡലങ്ങള്‍ മുസ്ലീം ലീഗ് നിലനിര്‍ത്തി.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ദയനീയ പരാജയം ഏറ്റുവാങ്ങി.താനൂരില്‍ വി.അബ്ദുറഹ്മാന്‍ അട്ടിമറി വിജയം നേടി. തവനൂര്‍ ഡോ. കെ.ടി ജലീലും പൊന്നാനിയില്‍ പി.ശ്രീരാമ കൃഷ്ണനും വിജയിച്ചു.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ വടകരയില്‍ സി.കെ നാണു വിജയിച്ചു. ഇവിടെ കെ.കെ രമ മൂന്നാമതെത്തി. നാദാപുരംത്ത് കെ.ദാസന്‍, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍, ബാലുശേരിയില്‍ പുരുഷന്‍ കടലുണ്ടി, എലത്തൂരില്‍ എ.കെ ശശീന്ദ്രന്‍, കോഴിക്കോട് നോര്‍ത്തില്‍ എ.പ്രദീപ് കുമാര്‍, ബേപ്പൂരില്‍ വി.കെ.സി മമ്മദ് കോയ, കുന്നമംഗലം അഡ്വ.പി.ടി.എ റഹീം, കൊടുവള്ളിയില്‍ കാരാട്ട് റസാക്, തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസും വിജയിച്ചു.
കോഴിക്കോട് സൗത്തില്‍ എം.കെ മുനീര്‍, കുട്ട്യാടിയില്‍ പാറയ്ക്കല്‍ അബ്ദുള്ള സി.പി.എമ്മിലെ കെ.കെ ലതികയെ അട്ടിമറിച്ചു.
വയനാട്ടില്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ തോല്‍വിയാണ് ഏറ്റവും ശ്രദ്ധേയം. മൂന്ന് മണ്ഡലങ്ങളില്‍ മാനന്തവാടിയില്‍ ജയലക്ഷ്മിയെ ഒ.ആര്‍ കേളു അട്ടിമറിച്ചു. കല്പറ്റയില്‍ ജെ.ഡി.യുവിലെ എം.വി ശ്രേയാംസ്‌കുമാറിനെ സി.പി.എമ്മിലെ സി.കെ സുശീന്ദ്രന്‍ അട്ടിമറിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്‍ വിജയിച്ചു.
കണ്ണൂരില്‍ ഇരിക്കൂരില്‍ കെ.സി ജോസഫിന്റെയും അഴീക്കോട് കെ.എം ഷാജിയുടെയും വിജയം മാത്രമാണ് യു.ഡി.എഫിന് ആശ്വാസം. ഷാജി നികേഷ് കുമാറിനെ അട്ടിമറിച്ചു. കൂത്തുപറമ്പില്‍ മന്ത്രി കെ.പി മോഹനനും വീണു. പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫും വിഷയിച്ചു. പയ്യന്നൂരില്‍ സി.കൃഷ്ണനും കല്യാശേരി ടി.വി രാജേഷും തളിപ്പറമ്പില്‍ ജെയിംസ് മാത്യൂവും കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ധര്‍മ്മടത്ത് പിണറായി വിജയനും തലശേരിയില്‍ അഡ്വ.എ.ന്‍ ഷംസീറും കൂത്തുപറമ്പില്‍ കെ.കെ ഷൈലജയും മട്ടന്നൂരില്‍ ഇ.പി ജയരാജനും വിജയിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്ത് പി.ബി അബ്ദുള്‍ റസാക് 89 വോട്ടിന് വിജയിച്ചു. ബി.ജെ.പിയിലെ കെ.സുരേന്ദ്രാണ് ഇവിടെ രണ്ടാമത്. കാസര്‍ഗോഡ് മുസ്ലീം ലീഗിലെ എന്‍.എ നെല്ലിക്കുന്ന് വിജയിച്ചപ്പോള്‍ ബി.ജെ.പി രണ്ടാമതെത്തി. ഉദുമയില്‍ കെ.സുധാകരനെ കെ.കുഞ്ഞിരാമന്‍ അട്ടിമറിച്ചു. കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ സി.പി.ഐയ്ക്കു വേണ്ടി സീറ്റ് നേടി. തൃക്കരിപ്പൂരില്‍ സി.പി.എമ്മിലെ എം.രാജഗോപാലും വിജയിച്ചു.

Share this news

Leave a Reply

%d bloggers like this: