പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു; വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ

തിരുവനന്തപുരം: പിണറായി വിജയനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് വിഎസ് കൂടി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. ക്യൂബയില്‍ ഫിദല്‍ കാസ്ട്രോ പ്രവര്‍ത്തിക്കുന്നത് പോലെ വി.എസ്. അച്യുതാനന്ദന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്ന് യച്ചൂരി അറിയിച്ചു. വിഎസ് പടക്കുതിരയാണ്. കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് വലിയ വിജയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രനേതൃത്വം വിഎസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര നേതൃത്വത്തിനും ഇതിനോട് അനുഭാവപൂര്‍ണമായ നിലപാടാണുണ്ടായിരുന്നത്. ഇതാണ് പിണറായിയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.

വിഎസ് മുഖ്യമന്ത്രിയാകാന്‍ സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാമെന്ന് അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: