ഐഎസ് പ്രവര്‍ത്തനം: 500 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ കാര്യമായ വേരോട്ടം ഉണ്ടായില്ലെങ്കിലും ഐഎസ് പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായ 500 ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം. 400 മുതല്‍ 500വരെ ഇന്ത്യക്കാര്‍ ഐഎസില്‍ ആകൃഷ്ടരായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വെബ്‌സൈറ്റുകളിലൂടെയും മറ്റും ഐഎസുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ഐഎസ് ശക്തി കേന്ദ്രങ്ങളായ സിറിയയിലേക്കും ഇറാക്കിലേക്കും എത്താനുള്ള മാര്‍ഗങ്ങള്‍വരെ ഇവര്‍ അന്വേഷിച്ചതായും രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഐഎസുമായി ബന്ധംസ്ഥാപിക്കാന്‍ ശ്രമിച്ചവരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശാനുസരണം സംസ്ഥാന പോലീസും, എന്‍ഐഎയും സുഷ്മനിരീക്ഷണം നടത്തിവരുകയാണ്. ഇവരില്‍ ഭൂരിഭാഗം ആളുകളെയും ചോദ്യംചെയ്തുകഴിഞ്ഞു. തീവ്രവാദ സംഘടനകളായ ജയ്ഷ് ഇ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ പ്രവര്‍ത്തകരായിരുന്നവരാണ് ഐഎസിലേക്ക് മാറിയതെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു.

ജമ്മു കാഷ്മീര്‍, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഐഎസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവര്‍ ഇന്റര്‍ നെറ്റ് കേന്ദ്രീകൃതമായുള്ള കോളുകള്‍, മെസേജുകള്‍ എന്നിവ നടത്താവുന്ന ആപ്ലിക്കേഷനുകളായ ലിവ്, ടാംഗോ, കിക്, നിംബസ്, വോക്‌സര്‍, ടോക്‌റേ, ട്രില്യണ്‍, ഗ്രൂപ്പ്മി, വൈബര്‍, ഹൈക്ക്, കകാവൊ ടോക്, ഐഎം പ്ലസ് തുടങ്ങിയവയിലൂടെ ഐഎസ് സന്ദേശങ്ങളുംമറ്റും കൈമാറിയതയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: