തൂണേരി ഷിബിന്‍ വധം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതേ വിട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കേസില്‍ 18 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. ശേഷിക്കുന്ന 17 പേരാണ് കോടതി വെറുതെവിട്ടത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുന്നു എന്ന ഒറ്റവരി വിധി മാത്രമാണ് കോടതി പുറപ്പെടുവിച്ചത്. വര്‍ഗീയപരമായും രാഷ്ട്രീയപരമായുമുള്ള വിരോധത്തിന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളിക്കളഞ്ഞു. 2015 ജനുവരി 22ന് രാത്രിയാണ് ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസമദ് -25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടെമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസന്‍ (24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ല്യാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്-55) എന്നിവരാണ് കുറ്റവിമുക്തരായത്. -എജെ-

Share this news

Leave a Reply

%d bloggers like this: