ഹിലാരിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അരങ്ങുണര്‍ന്നതോടെ ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും തീവ്രമായ വാക്‌പോരില്‍. ഹിലാരി ലോക നുണച്ചിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതുവരെ മത്സരിച്ചിട്ടുള്ളവരില്‍ ഏറ്റവും വലിയ അഴിമതിക്കാരിയാണെന്നും ട്രംപ് ആക്ഷേപിച്ചു. വാഷിങ്ടണില്‍ നിലനില്‍ക്കുന്ന കുഴിതോണ്ടിയ സംവിധാനങ്ങളുടെ ഉല്‍പന്നമാണ് ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കേ ഉണ്ടായ ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് ഹിലാരി നല്‍കിയ വിശദീകരണം സഹതാപാര്‍ഹമാണെന്നും ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ക്ലിന്റണ്‍ ഫൗണ്ടേഷനു വേണ്ടി വിദേശരാജ്യങ്ങളിലും കോര്‍പ്പറേറ്റുകളിലും നിന്ന് വന്‍തുക സംഭാവന കൈപ്പറ്റിയതും രാഷ്ട്രീയത്തെ വ്യക്തിപരമായ കാര്യലാഭങ്ങള്‍ക്കായി വിനിയോഗിച്ചതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനായി ഹിലാരിയുമായി മത്സരിച്ച ബേണി സാന്‍ഡേഴ്‌സിന്റെ അനുയായികള്‍ ഹിലാരിക്കെതിരായി നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ തന്നോടൊപ്പം ചേരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നേരത്തേ ഓഹിയോയില്‍ നടത്തിയ പ്രസംഗത്തില്‍ ഒരു ബിസിനസ്സുകാരന്‍ എന്ന നിലയിലുള്ള ട്രംപിന്റെ നയങ്ങള്‍ പോലും രാജ്യത്തെ പിന്നോട്ടു നയിക്കുന്നവയാണെന്ന് ഹിലാരി കുറ്റപ്പെടുത്തിയിരുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് പരാജയമേറ്റുവാങ്ങിയ ബിസിനസ്സുകാരനാണ് ട്രംപ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: