അഡലെയ്ഡില്‍ സമന്വയ മലയാളി കൂട്ടായ്മ പിറന്നു

അഡലെയ്ഡിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായി രൂപംകൊണ്ട സമന്വയയുടെ ആദ്യ സമ്മേളനം എന്‍ഫീല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. യുവര്‍ ലൈഫ് ആസ് എ ഗ്രാന്റ് പാരന്റ് ഇന്‍ ആസ്‌ട്രേലിയ എന്ന വിഷയത്തിലുള്ള ചര്‍ച്ചയാണ് ആദ്യത്തെ പരിപാടിയായി സംഘടിപ്പിച്ചത്. ആസ്‌ട്രേലിയയിലെ ആദ്യകാല മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. അഡലെയ്ഡിലെ സാമൂഹ്യ പ്രവര്‍ത്തകയായ ഡീന സജു വിഷയാവതരണം നടത്തി.
കാലികപ്രസക്തിയുള്ളതും മലയാളികളെ സംബന്ധിക്കുന്നതുമായ സാമൂഹിക സാംസ്‌കാരിക വിഷയങ്ങള്‍ ഏറ്റെടുത്തു നടത്താനുള്ള വേദി അഡലെയ്ഡില്‍ ഒരുക്കുകയാണ് സമന്വയയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. തികച്ചും വ്യത്യസ്തമായ ഒരു സാംസ്‌കാരിക പശ്ചാത്തലത്തില്‍ മലയാളികളുടെ വാര്‍ദ്ധക്യാവസ്ഥയെ സംബന്ധിച്ച ഗൗരവമായ ചിന്തകളാണ് ആദ്യ സംവാദത്തില്‍ പങ്കുവയ്ക്കപ്പെട്ടത്. തുടര്‍ന്നും ഇത്തരം വിഷയങ്ങളില്‍ മലയാളി സമൂഹത്തിന് പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നിലുണ്ടാകുമെന്ന ഉറപ്പോടെയാണ് സമന്വയയുടെ ആദ്യ കൂട്ടായ്മ അവസാനിച്ചത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: