ബ്രക്‌സിറ്റ്: ഐറിഷ് പാസ്‌പോര്‍ട്ടിനുള്ള ഫോം തീര്‍ന്നത് കാരണം പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിനെത്തുടര്‍ന്ന് നിരവധി ആവശ്യക്കാരാണ് അയര്‍ലന്റ് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാഫോറത്തിനായി പോസ്റ്റ് ഓഫീസുകളില്‍ എത്തിച്ചേരുന്നത്. ഓഫീസിലുണ്ടായിരുന്ന അപേക്ഷാ ഫോമുകള്‍ തീര്‍ന്നത് കാരണം രാജ്യത്തെ ഒരു പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

അയര്‍ലന്റ് പാസ്‌പോര്‍ട്ടിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ കഴിയില്ല എന്നതിനാലാണ് ആവശ്യക്കാര്‍ക്ക് അപേക്ഷ ഫോമുകളെ തന്നെ ആശ്രയിക്കേണ്ടിവരുന്നത്. വടക്കന്‍ അയര്‍ലന്റില്‍ ഏതാനും പോസ്റ്റ് ഓഫീസുകളില്‍ മാത്രമാണ് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷഫോം ലഭ്യമാവുക. അതിനാല്‍ തന്നെ വലിയ തിരക്കാണ് ഈ ഓഫീസുകള്‍ക്ക് മുന്നില്‍ കാണാന്‍ കഴിയുന്നത്.

അപേക്ഷാ ഫോമുകള്‍ തീര്‍ന്നെന്നും അടിയന്തിരമായി ഫോമുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും കാണിക്കുന്ന നോട്ടീസാണ് ഒരു പോസ്റ്റ് ഓഫീസിന് മുന്നില്‍ പതിച്ചിരിക്കുന്നത്. ലണ്ടനിലെയും ഡബ്ലിനിലെയും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് മുന്നില്‍ ആവശ്യക്കാരുടെ നീണ്ടനിരയാണ് ഇപ്പോള്‍ കാണപ്പെടുന്നത്. ആറ് മില്യണ്‍ ബ്രിട്ടീഷുകാര്‍ അയര്‍ലന്റ് പാസ്‌പോര്‍ട്ടിന് അര്‍ഹരാണെന്നാണ് റിപ്പോര്‍ട്ട്.

-sk-

Share this news

Leave a Reply

%d bloggers like this: