ലിയോ വരാദ്കര്‍: മാറുന്ന അയര്‍ലന്റിന്റെ പ്രതീകം

ആഴത്തിലുള്ള ഐറിഷ് സ്വത്വചിന്തയും യാഥാസ്ഥിതിക കാത്തലിക് മതവിശ്വാസവുമുള്ള അയര്‍ലന്റില്‍ ലിയോ വരാദ്കറിനെ പോലെ ഒരു നേതാവ് ഉയര്‍ന്നുവരുമെന്നത് ഒരുപക്ഷേ പത്തുവര്‍ഷം മുമ്പു പോലും ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത് ഇന്ത്യയില്‍ നിന്നും അയര്‍ലന്റിലേക്ക് കുടിയേറിയ ഒരു ഡോക്ടറുടെ മകനും രൂപത്തില്‍ പോലും ഇന്ത്യക്കാരനും ആയതുകൊണ്ടു മാത്രമല്ല, താന്‍ സ്വവര്‍ഗപ്രണയിയാണെന്ന് പരസ്യമായി പറയാന്‍ കാണിച്ച ധൈര്യം കൊണ്ടു കൂടിയാണ്.
എന്‍ഡാ കെന്നി നേതൃസ്ഥാനത്തുനിന്ന് മാറുന്ന സാഹചര്യമുണ്ടായാല്‍ പിന്‍ഗാമിയായി ഇപ്പോള്‍ രാജ്യത്തെ മുപ്പത്തൊന്നു ശതമാനം വോട്ടര്‍മാരുടെയും മനസ്സിലുള്ളത് വരാദ്കറിന്റെ പേരാണ്. ഉറച്ച ഐറിഷ് പാരമ്പര്യങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന സൈമണ്‍ കോവനിയേക്കാള്‍ പത്തു ശതമാനത്തിന്റെ അധിക പിന്തുണയാണ് വരാദ്കറിനുള്ളത്. സ്വന്തം പാര്‍ട്ടിയായ ഫിനഗേലിലെ വോട്ടര്‍മാരുടെ ഇടയില്‍ 43 ശതമാനം പേര്‍ വരാദ്കറിനെ പിന്തുണയ്ക്കുമ്പോള്‍ കേവലം 29 ശതമാനമാണ് കോവനിക്കൊപ്പമുള്ളത്. ഉറച്ച നിലപാടുകളും തുറന്ന ചിന്താഗതികളുമാണ് വരാദ്കറിന് സ്വന്തം പാര്‍ട്ടിക്കാരുടെ ഇടയിലും പൊതുസമൂഹത്തിലും ഉയര്‍ന്ന ജനപ്രീതി നേടിക്കൊടുക്കുന്നത്.
ഡബ്ലിന്‍ ബ്ലാങ്കാര്‍ഡ്‌സ്ടൗണിലെ ജനറല്‍ പ്രാക്ടീഷണറായ അശോക് വരാദ്കറിന്റെയും വാട്ടര്‍ഫോര്‍ഡ് സ്വദേശിനിയായ അമ്മയുടെയും മകനായി 1979 ലാണ് ലിയോ വരാദ്കര്‍ ജനിച്ചത്. രണ്ടു സഹോദരിമാരുമുണ്ട്. കിങ്‌സ് ആശുപത്രി സ്‌കൂളിലെയും ട്രിനിറ്റി കോളേജിലെയും വിദ്യാഭ്യാസത്തിനുശേഷം മുഴുവന്‍ സമയ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് ഫിനഗേല്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
പകുതി ഇന്ത്യക്കാരനായ ഒരു ഐറിഷ് രാഷ്ട്രീയക്കാരനായോ ഡോക്ടറായ രാഷ്ട്രീയക്കാരനായോ സ്വവര്‍ഗാനുരാഗിയായ രാഷ്ട്രീയക്കാരനായോ മാത്രമായി അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം അതെല്ലാം ചേര്‍ന്നാണ് തന്നെ താനാക്കിത്തീര്‍ക്കുന്നതെന്നും 2015 ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ വരാദ്കര്‍ പറഞ്ഞിരുന്നു. ഇതോടെ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി സമ്മതിക്കുന്ന അയര്‍ലന്റിലെ ആദ്യത്തെ കാബിനറ്റ് മന്ത്രിയുമായി വരാദ്കര്‍. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന 34-ാം ഭരണഘടനാഭേദഗതിയുടെ പ്രധാന പ്രചാരകരിലൊരാളുമായി വരാദ്കര്‍.
2011-14 കാലഘട്ടത്തില്‍ ലേബര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള എന്‍ഡാ കെന്നിയുടെ കൂട്ടുകക്ഷി മന്ത്രിസഭയില്‍ ഗതാഗത, വിനോദസഞ്ചാര, കായിക വകുപ്പുകളുടെ മന്ത്രിയായിരുന്നു. അന്ന് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും യൂറോപ്യന്‍ യൂണിയനും ഐഎംഎഫുമായുമുള്ള ബന്ധത്തെക്കുറിച്ചും പരസ്യമായി അഭിപ്രായപ്രകടനം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. 2014 മുതല്‍ 2016 വരെ ആരോഗ്യമന്ത്രിയായിരിക്കേയും ധീരമായ തീരുമാനങ്ങളെടുത്ത് ശ്രദ്ധ നേടി. ഈ വര്‍ഷം മേയിലാണ് സാമൂഹ്യസുരക്ഷാ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ഡോളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എന്‍ഡാ കെന്നിക്കു ശേഷം ഫിനഗേലിനെയും ഒരുപക്ഷേ അധികം താമസിയാതെ രാജ്യത്തെയും നയിക്കാനുള്ള ഉത്തരവാദിത്വം ഐറിഷ് ജനത വരാദ്കറിനെ ഏല്‍പിക്കുമെന്നു തന്നെയാണ് രാഷ്ട്രീയനിരീക്ഷകര്‍ വിശ്വസിക്കുന്നത്. ്അത് അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹത്തിനും അഭിമാനത്തിന്റെ നിമിഷമാകും.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: