തീവ്രവാദമാണ് പാകിസ്താന്റെ ദേശീയ നയമെന്ന് യു എന്നില്‍ ഇന്ത്യ

തീവ്രവാദം പാകിസ്താന്റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ആണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. പാകിസ്താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും അക്ക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി.

ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച പാകിസ്താന്റെ നടപടിക്ക് യുഎന്നില്‍  ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. യു എന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീവ്രവാദികളെ ഉപയോഗിച്ച് വഷളാക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും സയ്യദ് അക്ക്ബറുദ്ദീന്‍ പറഞ്ഞു.

യു എന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പാകിസ്താന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ജനാധിപത്യം, മനുഷ്യാവകാശം, രാജ്യാന്തര നിയമങ്ങള്‍ എന്നിവയെ ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എല്ലാ മേഖലകളിലെയും മുനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

ഇതിനിടെ വാനിയുടെ കൊലപാതകത്തെ അപലപിച്ച പാകിസ്താന്‍ നിലപാടിലുള്ള പ്രതിഷേധം ദില്ലിയിലെ പാകിസ്താന്‍ സ്ഥാനപതി അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചയിലാണ് യു എന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഭീകരരെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചിരുന്നത്. വാനിയെ കശ്മീരി നേതാവ് എന്ന് വിശേഷിപ്പിച്ച പാക് പ്രതിനിധി കൊലപാതകം നിയമപരമല്ലെന്നും ആരോപിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: