വിമാനടിക്കറ്റ് റദ്ദാക്കുന്നതിന് ഓഗസ്റ്റ് മുതല്‍ ചിലവ് കുറയും

ന്യൂദല്‍ഹി: വിമാനടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചിലവ് ആഗസ്റ്റ് ഒന്നു മുതല്‍ കുറയും. ടിക്കറ്റ് റദ്ദാക്കാന്‍ അധികനിരക്ക് ഈടാക്കാന്‍ പാടില്ലെന്ന വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവിനെത്തുടര്‍ന്നാണിത്. അടുത്തിടെ നിരവധി വിമാന കമ്പനികള്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് അധിക തുക ഈടാക്കിയിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

പരാതിയും പ്രതിഷേധവും വ്യാപകമായതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതല്‍ അടിസ്ഥാനനിരക്കും, ഇന്ധന സര്‍ചാര്‍ജ്ജും ചേര്‍ന്ന തുകയിലും കൂടുതല്‍ വിമാനടിക്കറ്റ് റദ്ദാക്കലിന് ഈടാക്കരുതെന്നാണ് ഡയറക്ടറേറ്റ് ജനറലിന്റെ  ഉത്തരവില്‍ പറയുന്നത്. വിമാനടിക്കറ്റ് റദ്ദാക്കലിന് പരിധി നിശ്ചയിച്ചതിന് സമാനമായി റീഫണ്ട് നടപടികള്‍ക്ക് അധിക തുക ചുമത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വിമാന യാത്ര നടത്തുന്നവര്‍ക്ക് സന്തോഷകരമായ ഉത്തരവാണ്  ആഗസ്റ്റ് മുതല്‍ നിലവില്‍ വരുന്നത്. എല്ലാവിഭാഗത്തിലുളള ടിക്കറ്റുകള്‍ക്കും നിയമം ബാധകമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വിമാനടിക്കറ്റ് റദ്ദാക്കുന്ന മുറയ്ക്ക് ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയമപരമായ നികുതികളും, യൂസര്‍ ഡെവലപ്പ്‌മെന്റ് ഫീയും, എയര്‍പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫീയും വിമാനക്കകമ്പനികള്‍ യാത്രക്കാര്‍ക്ക് മടക്കിനല്‍കേണ്ടിവരും.

-sk-

Share this news

Leave a Reply

%d bloggers like this: