പോലീസിന്റെ നിഷ്‌ക്രിയത്വമാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലീസിന്റെ നിഷ്‌ക്രിയത്വമാണ് സംസ്ഥാനത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനായ പുത്തലത്ത് നസിമുദ്ദീന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം അറിയിച്ചു.

ആക്രമണങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണെന്നും വിഷയം അത്യന്തംഉത്കണ്ഠാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ്  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 52 ദിവസം കഴിയുമ്പോള്‍ 38 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങറേിയിരിക്കുന്നതെന്നും 1470 സ്ത്രീപീഡനങ്ങളും 183 ബലാത്സംഗങ്ങളും നടന്നെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതുകൂടാതെ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ദിവസവും നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരില്‍ തുടങ്ങിയ കൊലപാതകരാഷ്ട്രീയം മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണ് വേളത്തു നടന്ന കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണത മുളയിലേ നുള്ളിക്കളയണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും ചെന്നിത്തല അറിയിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

-sk-

Share this news

Leave a Reply

%d bloggers like this: