സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ടി പി ദാസന്‍ തന്നെ, കായികതാരങ്ങളുടെ പ്രതിനിധിയായി മേഴ്‌സി കുട്ടന്‍

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ടി പി ദാസനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി അഞ്ജു ബോബി ജോര്‍ജ് രാജിവെച്ച ഒഴിവിലാണ് നിയമനം. നേരത്തേ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നപ്പോള്‍ ടി പി ദാസനെതിരായി ഉയര്‍ന്നിരുന്ന ആരോപണങ്ങളെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് കായികതാരങ്ങള്‍ തന്നെ വരണമെന്ന ആവശ്യത്തെയും അവഗണിച്ചുകൊണ്ടാണ് സിപിഎം നേതാവും മുന്‍ കോഴിക്കോട് മേയറുമായ ദാസനെ വീണ്ടും ചുമതലയേല്‍പിക്കാന്‍ പുതിയ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചത്.
കായികതാരങ്ങളുടെ പ്രതിനിധിയായി മുന്‍ അന്തര്‍ദേശീയ അത്‌ലറ്റും പരിശീലകയുമായ മേഴ്‌സി കുട്ടനെ വൈസ് പ്രസിഡന്റായി നിയമിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് കായികതാരങ്ങളെ തന്നെ നിയമിക്കുന്ന കീഴ്‌വഴക്കത്തിന് തുടക്കമിട്ടത്. ആദ്യ ടേമില്‍ പത്മിനി തോമസും തുടര്‍ന്ന് അഞ്ജു ബോബി ജോര്‍ജുമാണ് പ്രസിഡന്റായിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇടതുസര്‍ക്കാരിന്റെ നേമിനിയായി പി ടി ഉഷ വന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കായികതാരങ്ങള്‍ക്കായി മാറ്റിവെച്ചത് കാര്യമായ അധികാരങ്ങളില്ലാത്ത വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമായതോടെയാണ് ഉഷ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതെന്നാണ് സൂചന. ഇതോടെ മേഴ്‌സി കുട്ടന് നറുക്കു വീഴുകയായിരുന്നു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: