ഉദാരവല്‍ക്കരണത്തിന്റെ വക്താവിനെ സാമ്പത്തിക ഉപദേഷ്ടാവാക്കി കേരള മുഖ്യമന്ത്രിയുടെ പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: ഉദാരവല്‍ക്കരണത്തിലും ആഗോളീകരണത്തിലും അധിഷ്ഠിതമായ സാമ്പത്തിക നയങ്ങളുടെ വക്താവായി അറിയപ്പെടുന്ന പ്രൊഫ. ഗീത ഗോപിനാഥ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായത് സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പുതിയ സന്ദേശം നല്‍കാനാണെന്ന് സൂചന.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച കാവല്‍ക്കാരനായി നില്‍ക്കുമ്പോഴും കാലത്തിനൊത്ത നവ ഇടതുപക്ഷ നയങ്ങളെ തിരിച്ചറിയാനും എടുത്തു പ്രയോഗിക്കാനുമുള്ള കഴിവ് കേരള മുഖ്യമന്ത്രി ഒരിക്കല്‍കൂടി പ്രകടമാക്കുകയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ ഗീത മൈസൂര്‍ സ്വദേശിനിയാണ്. അമര്‍ത്യ സെന്നിനു ശേഷം ഹാര്‍വാര്‍ഡിലെ സ്ഥിരം പ്രൊഫസര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഈ 44 കാരി. നേരത്തേ ചിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായും പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലും സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും സിയാറ്റിലിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലും നിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്.
ഗ്രീസിലും ഐസ്‌ലാന്റിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഗീത നടത്തിയ ഗവേഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. നിലവില്‍ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെയും ഉപദേശകസമിതികളില്‍ അംഗമാണ്. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതു വരെ നിലനില്‍ക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന ശമ്പളമില്ലാത്ത പദവി സൃഷ്ടിച്ചാണ് ഗീതയുടെ നിയമനം.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: