മലയാളികളടക്കം 700 ഓളം പേരെ മതംമാറ്റിയിട്ടുണ്ടെന്ന് ആര്‍ഷി ഖുറേഷി

കൊച്ചി: മലയാളികളടക്കം 700ഓളം പേരെ മതം മാറ്റിയിട്ടുണ്ടെന്ന് ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അധ്യാപകന്‍ ആര്‍ഷി ഖുറേഷിയുടെ മൊഴി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് ആളുകളെ മതം മാറ്റിയതെന്നും ഖുറേഷി വെളിപ്പെടുത്തി. പോലീസിന് നല്‍കിയ മൊഴിയിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഖുറേഷിയുടെ സഹായിയായ റിസ്വാന്‍ നിരവധി തവണ കേരളത്തില്‍ വന്നു പോയിട്ടുണ്ടെന്നും ഖുറേഷി മൊഴി നല്‍കി. ആളുകളെ മതം മാറ്റിയതിന്റെ രേഖകള്‍ തയ്യാറാക്കിയതും പലരുടേയും രക്ഷകര്‍ത്താവായി രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നതും റിസ്വാനാണ്. മലയാളികളടക്കം ഖുറേഷി മതം മാറ്റിയവരില്‍ ആര്‍ക്കെങ്കിലും ഐ എസ് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. ഖുറേഷി ഇടപെട്ട് മതം മാറ്റിയവരടക്കം 21 പേരെയാണ് കേരളത്തില്‍ നിന്നും കാണാതായത്.

അതേസമയം,  ദുരൂഹ സാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ പാലക്കാട് അന്വേഷണ സംഘം യു എ പി എ ചുമത്തി. യാക്കര സ്വദേശികളായ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍, കഞ്ചിക്കോട് സ്വദേശി ഷിബി എന്നിവരെ കാണാതായ സംഭവത്തിലാണ് യു എ പി എ ചുമത്തിയിരിക്കുന്നത്. പാലക്കാട് നിന്ന് കാണാതായവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്.

അന്വേഷണ സംഘത്തിന് യു എ പി എ ചുമത്തുന്നതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാരിവട്ടത്ത് പോലീസ് അറസ്റ്റിലായ ഖുറേഷിയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടാനുള്ള സാധ്യതയും പാലക്കാട്ടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.  700ഓളം പേരെ മതം മാറ്റി എന്ന് ഖുറേഷി വെളിപ്പെടുത്തിയതോടെ വരുംദിവസങ്ങളില്‍ ഇവരെ കണ്ടുപിടിക്കാനായിരിക്കും പോലീസിന്റെ ശ്രമം. കാസര്‍കോട് നിന്ന് കാണാതായ അഷ്ഫാഖ് ഖുറേഷിയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.

മതം മാറുന്നത് കുറ്റകരമല്ലെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തം കുറ്റകരമാണ് എന്നതിനാല്‍ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഇത്രയേറെ പേരെ ഖുറേഷി മതം മാറ്റിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പണം കൊടുത്ത് സ്വാധീനിച്ചാണോ അതോ മറ്റെന്തെങ്കിലും തന്ത്രം പ്രയോഗിച്ചാണോ മതം മാറ്റങ്ങള്‍ നടന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: