തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ രാജധാനി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. വൈകിട്ട് നാലുമണിയോടെയാണ് നഗരത്തെ ആശങ്കയില്‍ ആഴ്ത്തി ഒന്നിനുപിറകെ ഒന്നൊന്നായി കടമുറികള്‍ കത്തിനശിച്ചത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ രാജധാനി കെട്ടിടടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതിനകത്ത് സ്ഥിതിചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ആദ്യം തീപിടുത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ ഗോഡൗണില്‍ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ആദ്യമെത്തിയ ഫയര്‍ എന്‍ജിനില്‍ വെള്ളം തീര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

തീപിടുത്തത്തിന്റെ വ്യക്തമായ കാരണം അറിവായിട്ടില്ല. മൂന്നരമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനുശേഷമാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. വാതക ചോര്‍ച്ച ഉണ്ടായിട്ടുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്ന് സമീപത്തുളള കടകളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചിരുന്നു. ഇതുവഴിയുളള ഗതാഗതവും നിയന്ത്രിച്ചിരുന്നു. കടയ്ക്കുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ലായിരുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: