സൗജന്യമായി വെള്ളം നല്‍കുമെന്ന് ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവിനി

ഡബ്ലിന്‍: രാജ്യത്ത് വെള്ളം സൗജന്യമായി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുമെന്ന് ഭവന മന്ത്രി സൈമണ്‍ കോവിനി ഉറപ്പു നല്‍കി. ഒരാള്‍ക്ക് ഒരു ദിവസം 123 ലിറ്റര്‍ വെള്ളമാണ് സൗജന്യമായി ലഭിക്കുക. ഈ പരിധിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിച്ച വെള്ളത്തിനനുസരിച്ചു വാട്ടര്‍ ബില്‍ അടക്കേണ്ടി വരും. വാട്ടര്‍ ബില്ലില്‍ നിലവില്‍ കുടിശിക വരുത്തിയവര്‍ സമയബന്ധിതമായി അടച്ചു തീര്‍ക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വന്‍ തുക ബില്ലില്‍ ബാധ്യത വരുത്തിയവര്‍ക്കു തുക അടച്ചു തീര്‍ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അയര്‍ലണ്ടില്‍ വെള്ളം ഉപയോഗത്തിന്റെ ശരാശരി അളവ് 46,000 ലിറ്ററാണെന്നും, ഒരാള്‍ക്ക് ഉപയോഗിക്കേണ്ട വെള്ളത്തിന്റെ അളവ് 123 ലിറ്റര്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാന്‍ നിയമിച്ച പ്രതേക കമ്മിറ്റിയുടെ റിപ്പോട്ടില്‍ സൗജന്യമായി വെള്ളം അനുവദിക്കണമെന്ന ശുപാര്‍ശയും ഉണ്ടായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമ നിര്‍മ്മാണ സഭയില്‍ ഈ തീരുമാനം എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. ഹൗസിങ് എസ്റ്റേറ്റില്‍ ഒരു വീടിനു വേണ്ടി മാത്രം സ്വിമ്മിങ് പൂളില്‍ നിറയ്ക്കുന്ന വെള്ളത്തിന് വാട്ടര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തുമെന്നും സൈമണ്‍ കോവിനി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: