രാജ്യത്തെ 70 ശതമാനം സമ്പത്ത് 57 പേരുടെ കയ്യില്‍; ഇന്ത്യയില്‍ സാമ്പത്തിക അസമത്വം കൂടുന്നു

ഇന്ത്യയിലെ 58 ശതമാനം സമ്പത്തും രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കൈവശമാണെന്ന് ഓക്‌സ്ഫാം എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര ശരാശരിയെക്കാള്‍ കൂടുതലാണിത്. അന്താരാഷ്ട്രതലത്തില്‍ അമ്പത് ശതമാനം സമ്പത്താണ് ഒരു ശതമാനം പേരുടെ കൈവശമുള്ളത്.
രാജ്യത്തെ 70 ശതമാനം ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന് സമാനമാണ് 57 ശതകോടീശ്വരന്മാരുടെ കൈവശമുള്ളത്.

84 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളതെന്നും ഇവരുടെ ആകെ ആസ്തി 248 ബില്ല്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 20 വര്‍ഷത്തില്‍ 500 പേര്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്ന സമ്പത്ത് ഇന്ത്യയിലെ ജിഡിപിയെക്കാള്‍ കൂടുതലായിരിക്കുമെന്നും പഠനത്തിലുണ്ട്.

1930 കോടി ഡോളറുള്ള മുകേഷ് അംബാനി, 1670 കോടി ഡോളറുള്ള ദിലീപ് സംഗ്വി, 1500 കോടി ഡോളറുള്ള അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന അതിസമ്പന്നര്‍. 255.7 ലക്ഷം കോടി ഡോളറാണ് ലോകത്തെ മൊത്തം സമ്പത്ത്. ഇതില്‍ 6.5 ലക്ഷം കോടി ഡോളറും അതി സമ്പന്നരുടെ കയ്യിലാണ്. 7500 കോടി ഡോളറിന്റെ സമ്പത്തുള്ള മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്പാനിഷ് വ്യവസായിയായ അമാനിഷ്യോ ഒര്‍ട്ടേഗ രണ്ടാമതും അമേരിക്കന്‍ വ്യവസായി വാറെന്‍ ബഫെറ്റ് ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമതുമാണ്.

ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തൊഴില്‍ വേതനത്തില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനമുണ്ടെന്നും ഓക്‌ഫോമിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള വേതന വ്യത്യാസം 30 ശതമാനമാണെന്നാണ് പറയുന്നത്.

ലോകത്തെ ദരിദ്രജനവിഭാഗങ്ങളില്‍ അമ്പത് ശതമാനം പേരുടെ കൈവശമുള്ളതിന് സമാനമാണ് എട്ട് കോടീശ്വരന്മാരുടെ ആസ്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ പത്ത് ശതമാനം ദരിദ്രരുടെ വരുമാനത്തില്‍ 15 ശതമാനം ഇടിവുണ്ടെന്നും രിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇക്കാലയളവില്‍ ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ലാവോസ്, ബംഗ്ലാദേസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ പത്ത് ശതമാനം സമ്പന്നരുടെ വരുമാനത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായെന്നും പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി കമ്പനിയുടെ സിഇഒയ്ക്ക് അവിടുത്തെ ശരാശരി തൊഴിലാളിയെക്കാള്‍ 416 മടങ്ങ് ശമ്പളമാണ് ലഭിക്കുന്നത്. രാജ്യത്തെ തുണിമില്ലുകളില്‍ ജോലി ചെയ്യാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 58 ലക്ഷം കുട്ടികള്‍ തൊഴിലാളികള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ വേതനത്തിന്റെ കാര്യത്തിലെ സ്ത്രീ പുരുഷ അന്തരം കൂടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ ജോലിയ്ക്ക് പുരുഷനെക്കാള്‍ 30 ശതമാനത്തിലേറെ കുറവ് വേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. രാജ്യത്തെ 60 ശതമാനം സ്ത്രീകളും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഉയന്ന വരുമാനം ലഭിക്കുന്ന സ്ത്രീകള്‍ 15 ശതമാനം മാത്രമാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: