സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്; മുലായത്തിന് പുതിയ ചിഹ്നം

സൈക്കിള്‍ തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം കല്‍പിച്ചു. വരുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സമാജ്വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത് മുലായം സിംഗിന് തിരിച്ചടിയായി.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സമാജ് വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിശാല സംഖ്യം രൂപീകരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നൂവെന്നും എന്നാല്‍ അന്തിമ തീരുമാനം അഖിലേഷ് യാദവാണ് എടുക്കേണ്ടതെന്നും സംസ്ഥാന അധ്യക്ഷന്‍ രാംഗോപാല്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ‘സൈക്കിള്‍’ ചിഹ്നത്തിനായി സമാജ്വാദി പാര്‍ട്ടിയിലെ മുലായം, അഖിലേഷ് വിഭാഗങ്ങളുടെയും വാദം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേട്ടിരുന്നു. വെള്ളിയാഴ്ച അഞ്ചു മണിക്കൂറോളമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു വിഭാഗങ്ങളുടെയും വാദം കേട്ടത്. പാര്‍ട്ടി പിളര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചാല്‍ സൈക്കിള്‍ ചിഹ്നം തല്‍ക്കാലം മരവിപ്പിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമാജ്വാദി പാര്‍ട്ടിയുടെ അവകാശത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മുലായം സിംഗ് യാദവിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനും, മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ സി ധന്‍ഗ്രയുമാണ് ഹാജരായത്. അഖിലേഷ് വിഭാഗ്തതിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാനും, കപില്‍ സിബലുമാണ് ഹാജരായത്.
ഉത്തര്‍പ്രദേശില്‍ ഈ മാസം 17 നാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങുക. ഫെബ്രുവരി 11 മുതല്‍ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: