മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ രാജ്യത്തെ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്. തന്റെ സ്ഥാനാരോഹണ സമയത്ത് കാപിറ്റോളില്‍ സന്നിഹിതരായിരുന്നവരുടെ എണ്ണം കുറച്ചുകാണിച്ച് മാധ്യമങ്ങള്‍ നുണ പറയുകയാണെന്ന് ട്രംപ് ആരോപിച്ചു. ഭൂമിയിലെ ഏറ്റവും നന്ദികെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്നും ട്രംപ് ആരോപിച്ചു.

യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ട്രംപിന്റെ വിമര്‍ശനം. സത്യപ്രതിജ്ഞാ ചടങ്ങില്‍ 15 ലക്ഷത്തോളം പേര്‍ പങ്കെടുത്തു. മാധ്യമ റിപോര്‍ട്ടുകള്‍ നുണയാണ്. മാധ്യമങ്ങളുമായി താന്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറും മാധ്യമങ്ങളെ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. മാധ്യമങ്ങള്‍ ബോധപൂര്‍വം സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം കുറച്ചുകാട്ടുകയാണ്. ലോകം ഇന്നുവരെ കണ്ടതില്‍ വച്ചേറ്റവും കൂടുതല്‍ പേരാണ് ട്രംപിന്റെ സ്ഥാനാരോഹണത്തില്‍ സംബന്ധിച്ചതെന്നും സ്‌പൈസര്‍ അവകാശപ്പെട്ടു. റോഡ് മെട്രോയില്‍ മാത്രം 4.2 ലക്ഷം ആളുകള്‍ സംബന്ധിച്ചതായും 2013ല്‍ ഒബാമയുടെ സ്ഥാനാരോഹണത്തില്‍ 3.17 ലക്ഷം ആളുകള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂവെന്നും സ്‌പൈസര്‍ അവകാശപ്പെട്ടു.അതേസമയം, സ്ഥാനാരോഹണച്ചടങ്ങില്‍ സംബന്ധിച്ചവരുടെ എണ്ണം സംബന്ധിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരമില്ല.

മാധ്യമങ്ങളെ ഉത്തരവാദിത്തമുള്ളവരാക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ ശ്രമമെന്നും സ്‌പൈസര്‍ മാധ്യമങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. ട്രംപ് സര്‍ക്കാരിന് ഉത്തരവാദിത്ത ബോധമുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ട്രംപിന്റെ സ്ഥാനാരോഹണത്തിനിടെ രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുനൂറിലധികം പേര്‍ അറസ്റ്റിലായി.
എ എം

 

Share this news

Leave a Reply

%d bloggers like this: