മാധ്യമ ഭീകരത ?? പോരാട്ടത്തില്‍ അജയനായി ട്രംപ്

ട്രംപ് ജയിച്ചപ്പോള്‍ തോറ്റത് ഹിലരി ക്‌ളിന്റന്‍ മാത്രമല്ല. ലോകത്തേറ്റവും കഴിവും പാരമ്പര്യവും വിഭവശേഷിയും ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ കൂടിയാണ്. ട്രംപ് തകരുമെന്ന മാധ്യമങ്ങളുടെയും അഭിപ്രായസര്‍വേകളുടെയും പ്രവചനങ്ങള്‍ തെറ്റിപ്പോയി. ചരിത്രത്തില്‍ അസാധാരണമായിരുന്നു ഇത്. ഇന്ന് അമേരിക്കയിലും ലോകത്തും മാധ്യമലോകത്തെല്ലാം ഇത് ചൂടേറിയ ചര്‍ച്ചക്ക് വിഷയമാണ്.

എന്തുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ജനത ചിന്തിക്കുന്നത് എങ്ങനെയെന്നതിന്റെ സൂചന പോലും ലഭിക്കാതെ പോയത്? മാധ്യമചരിത്രത്തില്‍തന്നെ ഇത് ഒരു കറുത്ത അധ്യായമായിരിക്കുന്നു. ഏതാനും മാസം മുമ്പ് ബ്രെക്‌സിറ്റ് ഹിതപരിശോധനാകാര്യത്തിലും ഇതേ അബദ്ധം ആയിരുന്നു ബ്രിട്ടനിലെ അടക്കം പാശ്ചാത്യ മാധ്യമങ്ങള്‍ക്കൊക്കെ പിണഞ്ഞത്.

വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും സി.എന്‍.എന്നും അടക്കമുള്ള അമേരിക്കയിലെ, ഏറ്റവും വിശ്വാസമേറിയതും ശക്തവുമായ മാധ്യമശൃംഖലകള്‍ നടത്തിയ ഒരു വര്‍ഷത്തിലേറെ നീണ്ട ട്രംപ് വിരുദ്ധ പ്രചാരണങ്ങള്‍ ഇലക്ഷന്‍ ദിവസത്തില്‍, അമേരിക്കന്‍ ജനത ബാലറ്റിലൂടെ തള്ളിക്കളഞ്ഞു.

ഏതായാലും ട്രംപിന്റെ കിരീടധാരണത്തോടെ തകര്‍ന്നുവീണത് അമേരിക്കന്‍ മാധ്യമങ്ങളുടെ അവശേഷിച്ച വിശ്വാസ്യതയാണ്. അതു തിരികെപ്പിടിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. പ്രത്യേകിച്ച് ട്രംപ് അധികാരത്തിലെത്തിയതിനാല്‍. വേട്ടയാടിയ മാധ്യമങ്ങളോടു പ്രസിഡന്റായാല്‍ കാണിച്ചുകൊടുക്കാമെന്ന് പരസ്യമായി വെല്ലുവിളിച്ച ട്രംപ് വിശാലമായ അമേരിക്കന്‍ അഭിപ്രായ സ്വാതന്ത്ര്യ അവകാശം പുനപ്പരിശോധിക്കുമെന്നു വരെ പറയുന്നു.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെയുള്ള കണക്ക് അനുസരിച്ച് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള 100 പത്രസ്ഥാപനങ്ങളില്‍ 57 എണ്ണം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ന്റെ പക്ഷം ചേര്‍ന്നപ്പോള്‍ ട്രംപിനെ പിന്തുണച്ചത് രണ്ടെണ്ണം മാത്രമാണ്.

അമേരിക്കന്‍ ജനത എന്തുകൊണ്ട് ട്രംപിനെ തെരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് ഒരുപാട് വിശകലനങ്ങള്‍ നടന്നുകഴിഞ്ഞു. തങ്ങള്‍ കാലങ്ങളായി കേട്ടുമടുത്ത ഹിലരിയുടെ തേച്ചുമിനുക്കിയ വാദങ്ങളേക്കാള്‍ ട്രംപിന്റെ പരുക്കന്‍ തുറന്നുപറച്ചിലുകളെ ജനങ്ങള്‍ ഇഷ്ടപ്പെട്ടതാവാം ഒരു കാരണം. അമേരിക്കന്‍ മാധ്യമങ്ങള്‍ ട്രംപിന് നല്‍കിയ നെഗറ്റീവ് പബ്ലിസിറ്റി അത്ഭുതകരമാംവിധം അദ്ദേഹത്തിന് അനുകൂലമായി മാറുന്നതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

മധ്യ-കിഴക്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതകളിലേക്കോ അമേരിക്കയുടെ വിദേശനയത്തിന്റെ വിശദാംശങ്ങളിലേക്കോ കടന്നുചെല്ലാതെ, തന്റെ പ്രചാരണം മുഴുവന്‍ ‘ഭീകരവാദത്തെ ഇല്ലാതാക്കുക’ എന്ന ഒരു പോയിന്റില്‍ കേന്ദ്രീകരിച്ചു. ‘ഇസ്ലാമിക് സ്റ്റേറ്റി’നെ ഉന്മൂലനം ചെയ്യുമെന്ന് സവിശേഷമായ ശരീര ഭാഷയില്‍ ട്രംപ് അമേരിക്കന്‍ ജനതക്ക് ഉറപ്പുനല്‍കി.

കുത്തക മാധ്യമങ്ങള്‍ക്ക് ട്രംപിനേക്കാള്‍ പ്രിയം ഹിലരിയോടായിരുന്നു. പക്ഷേ, മീഡിയ നേരത്തേ പാകമാക്കിവെച്ച ഭയത്തിന്റെ മണ്ണിലാണ് ട്രംപ് വിത്തെറിഞ്ഞതും വിള കൊയ്തതും. ‘ലോക രക്ഷകന്‍’ എന്ന അമേരിക്കയുടെ നഷ്ടമായ ഇമേജ് തിരിച്ചുപിടിക്കും എന്ന് വീമ്പു പറഞ്ഞ ഹിലരിയേക്കാള്‍, അമേരിക്കയെ രക്ഷിക്കാനായിരിക്കും തന്റെ ശ്രമം എന്ന് പ്രഖ്യാപിച്ച ട്രംപിനെ ജനങ്ങള്‍ സ്വീകരിച്ചതില്‍ അത്ഭുതപ്പെടാനില്ല.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: