നാറ്റോ സഖ്യത്തെ പിന്തുണയ്ക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്; ബ്രിട്ടന്‍ -യുഎസ് ബന്ധം ശക്തമാക്കാനും പരിപാടി

വാഷിങ്ടണ്‍: നാറ്റോയില്‍ നിലപാട് തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോക്ക് പിന്നില്‍ ഉറച്ച് നില്‍ക്കുമെന്ന് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയും അറിയിച്ചു. തേരേസ മേയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് തീരുമാനം. വൈറ്റ്ഹൗസില്‍ ഇരു നേതാക്കളും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആണ് നാറ്റോ സഖ്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയിച്ചത്. നാറ്റോ സഖ്യത്തെ പിന്തുണക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയതായി മേ പറഞ്ഞു. സഖ്യത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മേ പറഞ്ഞു.

സഖ്യത്തിന് ട്രംപിന്റെ 100 ശതമാനം പിന്തുണയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചെപ്പെടുത്തുമെന്നും പുതിയ കരാറുകളില്‍ ഒപ്പിടുമെന്നും ഇരു ഭരണാധികാരികളും അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ ക്ഷണം ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ചു.

ബ്രിട്ടനുമായി കൂടുതല്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനുള്ള യുകെ യുടെ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നാറ്റോ സഖ്യം കാലഹരണപ്പെട്ടതാണെന്നായിരുന്നു ട്രംപിന്റെ മുന്‍ നിലപാട്. നാറ്റോക്ക് ആവശ്യമായ ഫണ്ട് അംഗരാജ്യങ്ങള്‍ നല്‍കുന്നില്ല. 28 അംഗ രാജ്യങ്ങളുണ്ടെങ്കിലും ചെലവിന്റെ 70 ശതമാനവും വഹിക്കുന്നത് അമേരിക്കയാണ്. ഭീകരാക്രമണങ്ങള്‍ക്കെതിരെ ഫലപ്രദമായ പോരാട്ടം നടത്തുന്നതില്‍ നാറ്റോ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രിട്ടനുമായുള്ള ബന്ധം ശക്തമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ബ്രക്സിറ്റിന് എല്ലാവിധത്തിലുള്ള പിന്തുണയും ഉറപ്പുനല്‍കുന്നതായി മേയുമായുള്ള കൂടികാഴ്ചയില്‍ ട്രംപ് വ്യക്തമാക്കി. ഇയുവിന് പുറത്ത് കടക്കുന്ന സ്വതന്ത്രമായ ബ്രിട്ടന്‍ ലോകത്തിന് ഒരു അനുഗ്രഹമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: