മനുഷ്യാവയവങ്ങള്‍ പന്നിയില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയുമോ ?

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാണ്. അവയവം മാറ്റിവയ്ക്കുന്നത് കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും ആവശ്യത്തിന് അവയവം ലഭിക്കാത്തത് പ്രശ്‌നം സൃഷ്ടിക്കാറുണ്ട്.

ഇതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. പന്നികളില്‍ നിന്ന് അവയവങ്ങള്‍ മനുഷ്യനില്‍ വച്ച് പിടിപ്പിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കാലിഫോര്‍ണിയയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.

പന്നിയുടെ ഭ്രൂണത്തില്‍ മനുഷ്യന്റെ വിത്തുകോശങ്ങള്‍ കുത്തിവെച്ച് സംയുക്തഭ്രൂണമുണ്ടാക്കിയാണ് പരീക്ഷണം നടത്തുന്നത്. മനുഷ്യകോശങ്ങളാല്‍ നിര്‍മിതമായ ഹൃദയവും കരളും നാഡികളുമായാണ് ഈ ഭ്രൂണം വളരുന്നത്. മനുഷ്യകോശങ്ങള്‍ കുത്തിവെച്ച പന്നിഭ്രൂണം പെണ്‍പന്നിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് വളര്‍ത്തിയത്. നാലാഴ്ചയ്ക്കുശേഷം നിരീക്ഷപ്പോഴാണ് മനുഷ്യന്റെയും പന്നിയുടെയും സങ്കരമായ ‘ജീവി’ വികസിക്കുന്നതായി കണ്ടെത്തിയത്.

അവയവക്കൈമാറ്റത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഗവേഷണമാണിതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. എന്നാല്‍, ഇതിന്റെ ധാര്‍മികതയെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. കടുത്ത എതിര്‍പ്പുകളെ നേരിട്ടാണ് ഈ പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍ മുന്നോട്ടു പോകുന്നത്. കാലിഫോര്‍ണിയയിലെ സോക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. നാലുകൊല്ലമെടുത്ത് 1,500 പന്നി ഭ്രൂണങ്ങളുപയോഗിച്ചായിരുന്നു പരീക്ഷണം.

പരീക്ഷണം വിജയമാണെങ്കിലും മനുഷ്യന്‍-പന്നി സങ്കരം ‘ഒട്ടും കാര്യക്ഷമത’യില്ലാത്തതാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പുനല്‍കി. എങ്കിലും ഭാവിയില്‍ പ്രവര്‍ത്തനക്ഷമമായ മനുഷ്യാവയവങ്ങളോടു കൂടിയ മൃഗഭ്രൂണങ്ങളെ വികസിപ്പിച്ചെടുക്കുന്നതില്‍ ഈ പരീക്ഷണത്തിന് പ്രധാനപങ്കുവഹിക്കാനാവുമെന്ന് അവര്‍ പ്രതീക്ഷപ്രകടിപ്പിച്ചു. ചൂണ്ടെലിയുടെയും എലിയുടെയും സങ്കരഭ്രൂണം ഈ രീതിയില്‍ സൃഷ്ടിച്ച് വിജയിച്ചിരുന്നു.

അവയവദാന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനാണ് ഈ പരീക്ഷണത്തിലൂടെ കളമൊരുങ്ങുന്നത്. മനുഷ്യരുടെ അവയവങ്ങള്‍ വളര്‍ത്താന്‍ പന്നികളുടെ ശരീരം ഉത്തമമാണെന്നാണ് ഗവേഷകരുടെ വാദം. മനുഷ്യ ശരീരത്തിന് അനുയോജ്യമായ ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം, കോര്‍ണിയസ് തുടങ്ങിയവയും ഇത്തരത്തില്‍ പണികളില്‍ നിന്നും വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
എ എം

 

Share this news

Leave a Reply

%d bloggers like this: