കുടിയേറ്റം തടയാന്‍ ഉറച്ച് ട്രംപ്; യു.എസ് യാത്രക്ക് ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ ശക്തമായ നീക്കമുവായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം ഒപ്പു വെച്ച കുടിയേറ്റ നിയമത്തില്‍ 7 മുസ്ലിം രാജ്യങ്ങളായ ഇറാന്‍, ഇറാഖ്, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ഇവരെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നിയമത്തിന്റെ കാതലായ വശം.

മുസ്ലിം തീവ്രവാദം അമേരിക്കക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ ഈ തീരുമാനം പ്രയോജനപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം. സിറിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രാധാന്യം നല്‍കാനും ഈ കുടിയേറ്റ നിയന്ത്രണ ഉത്തരവില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അമേരിക്കയെ സ്നേഹിക്കുകയും, പിന്തുണക്കുകയും ചെയ്യുന്നവര്‍ മാത്രം അമേരിക്കയില്‍ പ്രവേശിക്കാം എന്ന നിലപാടില്‍ ഉറച്ച തീരുമാനമെടുത്തതായും ട്രംപ് വ്യക്തമാക്കി.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ലോകത്തിന്റെ പല കോണുകളില്‍ നിന്നും വന്നെത്തിയിരുന്നു. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ എന്നും സന്നദ്ധത കാണിച്ച യു.എസ് കുടിയേറ്റ ഉത്തരവില്‍ നിന്നും പിന്തിരിയണമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ എല്ലാ ഏജന്‍സികളും സംയുക്തമായി അമേരിക്കന്‍ പ്രസിഡന്റിനെ അറിയിച്ചു കഴിഞ്ഞു. അതേസമയം അമേരിക്കക്കാരുടെ പിന്തുണ ട്രംപിന് ഓരോ ദിവസവും കഴിയുന്തോറും കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ വിമാന കമ്പനികളും യാത്ര നടപടികളില്‍ മാറ്റം വരുത്തി തുടങ്ങി. യുഎസ് നിരോധനമേര്‍പ്പെടുത്തിയ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ യുഎസിന്റെ ഗ്രീന്‍ കാര്‍ഡോ അല്‌ളെങ്കില്‍ ഡിപ്‌ളോമാറ്റിക് വിസയോ യു.എസിലെ പതിനഞ്ച് നഗരങ്ങളിലേക്കുള്ള യാത്രയില്‍ കൈവശം വെക്കണമെന്ന് ഖത്തര്‍ എയര്‍വെയ്സിന്റെ നിര്‍ദേശം. സുഡാന്‍, ലിബിയ, സോമാലിയ, സിറിയ, ഇറാന്‍, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ യു.എസ് ഇമിഗ്രേഷന്‍ നടപടികള്‍ കടക്കാനായി ഗ്രീന്‍ കാര്‍ഡ് നിര്‍ദേശിക്കുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പെര്‍മനെന്റ് റെസിഡന്‍സ് കാര്‍ഡ് (ഗ്രീന്‍ കാര്‍ഡ്), അല്‌ളെങ്കില്‍ ഫോറിന്‍ ഗവണ്‍മെന്റ്, യുണൈറ്റഡ് നാഷന്‍സ്, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍, നാറ്റോ എന്നിവയുടെ വിസ നിര്‍ബന്ധമാണെന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

യു.എസില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് ഭരണത്തില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തപ്പെട്ട മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റഴേ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രീന്‍ കാര്‍ഡ് ഉടമകളും തടയപ്പെട്ടേക്കാമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവ് ഗിലിയന്‍ ക്രിസക്റ്റന്‍സണ്‍ ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ഇതിനിടെ, ഈജിപ്ത് എയറില്‍ വന്ന ഏഴ് യാത്രക്കാരെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയതായി കെയ്‌റോ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇറാഖില്‍ നിന്നത്തെിയ ആറു പേരെയും യെമനില്‍ നിന്നുള്ള ഒരാളെയുമാണ് വിലക്കിയത്.

ഏഴ് രാജ്യങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ നടപടിയാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എ എം

 

Share this news

Leave a Reply

%d bloggers like this: