അനശ്ചിത്വങ്ങള്‍ക്ക് വിരാമം; കേന്ദ്ര ബജറ്റ് അവതരണം ഇന്ന് തന്നെ; പ്രതീക്ഷയോടെ പ്രവാസികള്‍

മുന്‍കേന്ദ്രമന്ത്രിയും ലോക് സഭാംഗവുമായ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ബജറ്റ് അവതരണത്തിന് പച്ചക്കൊടി. ഇ അഹമ്മദ് എംപിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്തുകയായിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് ഇന്ത്യന്‍ സമയം 11 മണിയ്ക്ക് തന്നെ ബജറ്റ് അവതരണം നടക്കും. സിറ്റിംഗ് എംപി മരിച്ചതിനെ തുടര്‍ന്ന് കീഴ് വഴക്കപ്രകാരം ബജറ്റ് അവതരണം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം ഇത് തള്ളിക്കൊണ്ടായിരുന്നു സ്പീക്കര്‍ ബജറ്റ് അവതരണത്തിന് അനുമതി നല്‍കിയത്.

ബജറ്റ് സംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍പേരിലേക്ക് എത്തിയ സാഹചര്യത്തില്‍ അവതരിപ്പിക്കാതെ മാറ്റുന്നത് ചോരാന്‍ ഇടയാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സ്പീക്കറുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ബജറ്റ് അവതരണം ഇന്നു നടക്കുന്നത്. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയശേഷം ബജറ്റ് അവതരണം നടത്താനാണ് ധാരണ.

രാജ്യമൊന്നാകെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കാലാകാലങ്ങളായി ഉന്നയിക്കുന്ന നിരവധി ആവശ്യങ്ങളില്‍ ചിലതെങ്കിലും വരുന്ന ബജറ്റിലെങ്കിലും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസ സമൂഹവും. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ആദായനികുതി നടപടികള്‍ ലളിതമാക്കുക, ടിഡിഎസ് ഇളവുകള്‍ നല്‍കുക, തുല്യനികുതി സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസികള്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്.

ആദായനികുതി നിയമത്തിന്റെ 90-ാം വകുപ്പ് പ്രകാരം ഇന്ത്യ വിവിധ രാജ്യങ്ങളുമായി ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ ഈ നികുതി ഇളവു ലഭിക്കുന്നതിനായി പ്രവാസികള്‍ താമസിക്കുന്ന രാജ്യത്തെ ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഇന്ത്യന്‍ നികുതിവകുപ്പ് അധികൃതര്‍ ആവശ്യപ്പെടാറുണ്ട്. ഇതുണ്ടെങ്കില്‍ മാത്രമേ ഇന്ത്യ നികുതി കരാര്‍ ഒപ്പിട്ടിട്ടുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇളവു ലഭിക്കുകയുള്ളു. മിക്ക രാജ്യങ്ങളിലും നിശ്ചിതസമയത്തിനുള്ളില്‍ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടി വരുന്നതിനാല്‍ പ്രവാസികള്‍ക്ക് നികുതി ഇളവനായി അപേക്ഷിക്കാന്‍ കഴിയാറില്ലെന്നുള്ളതാണ് സത്യം. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ടോ താമസിക്കുന്ന രാജ്യത്തെ നികുതി റിട്ടേണോ സമര്‍പ്പിച്ച് ഇളവു നേടാനുള്ള സൗകര്യം പ്രവാസികള്‍ക്കു നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു നല്‍കുന്നതിനു തുല്യമായ നികുതി ഇളവുകള്‍ പ്രവാസികള്‍ക്കും നല്‍കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. നിലവിലെ ആദായനികുതി നിയമപ്രകാരം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് നിശ്ചിതതുകയില്‍ കൂടുതല്‍ വരുമാനമുണ്ടായാല്‍ മാത്രം ടിഡിഎസ് അടച്ചാല്‍ മതിയാകും. എന്നാല്‍ പ്രവാസികള്‍ക്ക് ഇന്ത്യയിലെ വരുമാനപ്രകാരമുള്ള സ്ലാബ് നിരക്കനുസരിച്ചാണ് ടിഡിഎസ് അടയ്‌ക്കേണ്ടത്. ഈ വിവേചനം അവസാനിപ്പിച്ച് എല്ലാവര്‍ക്കും തുല്യമായ നികുതി സംവിധാനം ഏര്‍പ്പെടുത്തുന്നത് പ്രവാസികള്‍ക്കു ഗുണം ചെയ്യും. വിദേശവിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് നികുതിയിളവു പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സാമ്പത്തിക മന്ത്രാലയം വ്യക്തത വരുത്തണമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.

റീഫണ്ട് തുകയ്ക്കായി നല്‍കുന്ന ചെക്ക് സ്വീകരിക്കാനും നിശ്ചിത സമയത്തിനുള്ളില്‍ മാറിയെടുക്കാനും മിക്ക പ്രവാസികളും ബുദ്ധിമുട്ടു നേരിടുന്നുണ്ട്. ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് റീഫണ്ട് ക്ലെയിം ചെയ്യുന്നതിലും പ്രശ്‌നങ്ങളുണ്ട്. എന്‍ആര്‍ഐകളുടെ വിദേശ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് തുക നേരിട്ട് അടയ്ക്കാനുള്ള സംവിധാനം നിലവിലില്ല. വയര്‍ ട്രാന്‍സ്ഫര്‍ വഴിയോ ഇലക്ട്രോണിക് സംവിധാനം വഴിയോ നേരിട്ടു പണം അക്കൗണ്ടിലേക്കു നല്‍കിയാല്‍ പ്രവാസികള്‍ക്ക് ഗുണകരമാകും.

എ എം

Share this news

Leave a Reply

%d bloggers like this: