എന്‍ഡാ കെന്നിയുടെ യു.എസ് യാത്രക്ക് തുടക്കമായി; 2019 ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ലോകത്തെ മുഴുവന്‍ ഐറിഷുകാര്‍ക്കും അവസരം നല്‍കിയേക്കും

ഡബ്ലിന്‍: സെന്റ് പാട്രിക്‌സ് ഡേ സന്ദര്‍ശനത്തിന്റെ ഭാഗമായി എന്‍ഡാ കെന്നി ഫിലഡല്ഫിയയിലെത്തി. ഇരുനൂറ്റി എഴുപതിനാലാമത്തെ സെന്റ് പാട്രിക് പരേഡില്‍ പങ്കെടുക്കാന്‍ യു.എസ്സിലെത്തിയ ഐറിഷ് പ്രധാനമന്ത്രി യു.എസ്സിലെ ഐറിഷ് കുടിയേറ്റക്കാരെ ഓര്‍മ്മിക്കാനും സമയം കണ്ടെത്തി. പരമ്പരാഗത ചടങ്ങുകളോടെയാണ് പ്രധാനമന്ത്രിയെ യു.എസ് സ്വീകരിച്ചത്.

യു.എസ്സില്‍ നിയമ വിരുദ്ധമായി ജീവിക്കുന്ന 50 ,000 ത്തോളം ഐറിഷ് കുടിയേറ്റക്കാര്‍ക്ക് നേരെ കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും എന്‍ഡാ കെന്നി ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇവര്‍ക്ക് അമേരിക്കയില്‍ താമസിക്കാന്‍ ആവശ്യമായ നിയമ വ്യവസ്ഥകള്‍ ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്നും കെന്നി വ്യക്തമാക്കി. 2019 -ലെ ഐറിഷ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ലോകത്തിന്റെ പല ഭാഗത്തുള്ള ഐറിഷുകാര്‍ക്കും വോട്ടവകാശം സാധ്യമാക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ഐറിഷ് പ്രധാനമന്ത്രി അറിയിച്ചു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും , യു.എസ്സിലെയും വോട്ടര്മാരെയാണ് എന്‍ഡാ ലക്ഷ്യം വെയ്ക്കുന്നതെന്നു വ്യക്തമാണ്. യൂറോപ്പില്‍ ആകമാനമുള്ള ഐറിഷ് വോട്ടര്‍മാരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. തൊട്ടടുത്ത രാജ്യമായ യു.കെ 15 വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു താമസിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കാറുമുണ്ട്. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയ ആവശ്യപ്പെട്ടുകൊണ്ടാണ് എന്റയുടെ അമേരിക്കന്‍ പ്രസംഗം ആരംഭിച്ചത്. മുതുമുത്തച്ഛന്മാര്‍ അയര്‍ലണ്ടുകാര്‍ ആയതുകൊണ്ട് ഐറിഷ് പൗരത്വം നിലനില്‍ക്കുന്നവര്‍ ലോകത്ത് എല്ലായിടത്തുമുണ്ട്.

അയര്‍ലന്റിനെപ്പറ്റി ഒന്നും അറിയാത്തവരെ തെരെഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കുക എന്നത് ആശയ കുഴപ്പം നിലനില്‍ക്കുന്ന കാര്യമാണ്. ഈ നിര്‍ദ്ദേശം എത്രത്തോളം പ്രവര്‍ത്തിപദത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് കണ്ടറിയേണ്ടി വരും. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി പദത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നു അറിയിച്ച എന്‍ഡാ കെന്നി പടിയിറങ്ങുന്നതിനു മുന്‍പ് ലോകത്തിലെ ഐറിഷുകാരെ കോര്‍ത്തിണക്കുന്ന നിയമം ആവിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: