ഫ്രാന്‍സ് അവസാനഘട്ട തെരെഞ്ഞെടുപ്പിന് ഇനി മൂന്ന് നാള്‍; ഫലം യൂറോപ്പ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും

ഫ്രാന്‍സ് ഞായറാഴ്ച വിധിയെഴുതും. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ യൂറോപ്പ് അനുകൂല നേതാവ് ഇമ്മാനുവല്‍ മാക്രോണും തീവ്രവലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന മറൈന്‍ ലെ പെന്നും നേര്‍ക്കുനേര്‍. 39 വയസുള്ള എമ്മാനുവല്‍ മാക്രോണിനെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ് ആക്കാന്‍ ഫ്രഞ്ച് ജനത തീരുമാനിക്കും എന്നാണു പ്രതീക്ഷ. സര്‍വേകളെല്ലാം മാക്രോണിന് 20 ശതമാനം മുന്‍തൂക്കം (60-40) നല്‍കുന്നു.എന്നാല്‍ 48 വയസുള്ള തീവ്രവലതുപക്ഷ ദേശീയവാദി നേതാവ് മരീന്‍ ലെ പെന്നിനെ എഴുതിത്തള്ളാറായിട്ടില്ല. ഏപ്രില്‍ 23-ലെ ഒന്നാം റൗണ്ടിനു ശേഷം അവരുടെ ജനപിന്തുണ ഇരട്ടിച്ചു. മാക്രോണിന് ലീഡ് കുറഞ്ഞു. എങ്കിലും മാക്രോണിനു വലിയ ലീഡ് ഇപ്പോഴുമുണ്ട്. രണ്ടായാലും കഴിഞ്ഞ നാലുദശകക്കാലത്തെ ഇരുകക്ഷി (റിപ്പബ്ലിക്കനും സോഷ്യലിസ്റ്റും) ഭരണത്തിന് ഫ്രാന്‍സ് ഇതോടെ അന്ത്യംകുറിക്കും. പുതിയ തലമുറ നേതൃത്വത്തില്‍ വരും.

ഇതു രണ്ടാംതവണയാണ് തീവ്ര വലതുപക്ഷമായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി രണ്ടാം റൗണ്ടില്‍ കടക്കുന്നത്. മരീന്റെ പിതാവ് ഴാങ് മരീ ലെ പെന്‍ 2002-ല്‍ രണ്ടാം റൗണ്ടിലെത്തി. 18 ശതാമനം വോട്ട് നേടി. അച്ഛനെ പുറത്താക്കി പാര്‍ട്ടി പിടിച്ച മരീന്‍ ആദ്യറൗണ്ടില്‍ നേടിയത് 76 ലക്ഷം വോട്ട്. 2002-ല്‍ അച്ഛനു കിട്ടിയതിലും 28 ലക്ഷം കൂടുതല്‍.

എമ്മാനുവല്‍ മാക്രോണ്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഫ്രാന്‍സിലെ ഒന്നാം നിര സ്‌കൂളുകളില്‍ പഠിച്ചശേഷം റോഥ്‌സ് ചൈല്‍ഡ് ബാങ്കില്‍ നിക്ഷേപ ബാങ്കറായി പ്രവര്‍ത്തിച്ചു. കുറേക്കാലം ഫ്രാന്‍സില്‍ ധനമന്ത്രിയായിരുന്നു. 24 വയസ് പ്രായക്കൂടുതലുള്ള തന്റെ സ്‌കൂള്‍ അധ്യാപികയെ വിവാഹംകഴിച്ച മാക്രോണിന്റെ പരിചയക്കുറവ് എതിരാളികള്‍ വിഷയമാക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂറോ എന്ന ഒറ്റ കറന്‍സിയില്‍നിന്നും ഫ്രാന്‍സ് വിട്ടുപോയേക്കുമെന്ന ആശങ്കകളെത്തുടര്‍ന്ന് തകര്‍ച്ചയിലായ യൂറോയുടെ മൂല്യം യൂറോപ്യന്‍ യൂണിയന്‍ അനുകൂലവാദിയായ മാക്രോണിന്റെ വിജയസാധ്യതയെത്തുടര്‍ന്ന് ഡോളറുമായ വിനിമയത്തില്‍ കുതിച്ചുയര്‍ന്നു.

മുനിസിപ്പല്‍ കൗണ്‍സില്‍ മുതല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വരെ അംഗമായിരുന്ന ലെ പെന്‍ രണ്ടുതവണ വിവാഹമോചനം നേടി. ഇപ്പോള്‍ ഒരു പങ്കാളിയുമൊത്തുകഴിയുന്നു.ഒന്നാംറൗണ്ട്കഴിഞ്ഞപ്പോള്‍ തീവ്രവാദം മയപ്പെടുത്തിയാണ് പ്രസംഗങ്ങള്‍.

ഒന്നാം റൗണ്ടില്‍ സര്‍വേകള്‍ പ്രവചിച്ചപോലെ ഫലം വന്നു. 78 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ പോളിംഗ് തുലോം കുറയാം. രണ്ടു സ്ഥാനാര്‍ഥികളെപ്പറ്റിയും മതിപ്പില്ലാത്തതാണു കാരണം. മാക്രോണിനു രാഷ്ട്രീയപാരന്പര്യമില്ല. ലെ പെന്‍ ഉന്നയിക്കുന്ന തീവ്രദേശീയതയോടു നഗരങ്ങളില്‍ എതിര്‍പ്പാണ്. എന്നാല്‍ കര്‍ഷകരും ഗ്രാമീണരും നഗരങ്ങളിലെ ദരിദ്രവിഭാഗങ്ങളും ലെ പെനിനു പിന്നിലാണ്. നഗരങ്ങളില്‍ പോളിംഗ് കുറഞ്ഞാല്‍ മാക്രോണിന് വോട്ട് കുറയും. ഇടതുപക്ഷവും മധ്യവര്‍ത്തികളുംകൂടി തീവ്രവലതുപക്ഷത്തിനെതിരേ 2002-ലേതുപോലെ യോജിച്ചു നില്‍ക്കുന്നില്ല. സ്വന്തം രാഷ്ട്രീയപ്രസ്ഥാനമില്ലാത്ത മാക്രോണിനു പിന്തുണ നല്‍കാന്‍ പലരും മടിക്കുന്നു. മരീന്‍ ലെ പെന്‍ ആകട്ടെ ചാഞ്ചാട്ടമുള്ളവരെ വശത്താക്കാന്‍ പ്രത്യേക ശ്രമം നടത്തുന്നു.

എമ്മാനുവല്‍ മാക്രോണ്‍

മുഴുവന്‍ പേര് : എമ്മാനുവല്‍ ഴാങ്-മിഷേല്‍ ഫ്രെഡറിക് മാക്രോണ്‍
ജനനത്തീയതി : 1977 ഡിസംബര്‍ 21
ഭാര്യ : ബ്രിജീറ്റ് ട്രോഗ്‌ന്യൂ (2007 മുതല്‍)
രാഷ്ട്രീയപ്രവര്‍ത്തനം: 2006-09 സോഷ്യലിസ്റ്റ് പാര്‍ട്ടി
2099-16 സ്വതന്ത്രന്‍
2016 എന്‍ മാര്‍ഷേ (മുന്നോട്ട്) എന്ന പ്രസ്ഥാനം
പദവി : ധനമന്ത്രി (2014-16)

മരീന്‍ ലെ പെന്‍

മുഴുവന്‍ പേര്: മരിയോണ്‍ ആന്‍ പെറിന്‍ ലെ പെന്‍
ജനനത്തീയതി : 1968 ഓഗസ്റ്റ് 5
ജീവിതപങ്കാളി : ലൂയി ആലിയോ
മക്കള്‍: മൂന്ന്
രാഷ്ട്രീയപ്രവര്‍ത്തനം : നാഷണല്‍ ഫ്രണ്ട് (1986 മുതല്‍ അംഗം. 2011 മുതല്‍ പാര്‍ട്ടി ലീഡര്‍. കഴിഞ്ഞമാസം പദവി രാജിവച്ചു) യൂറോപ്യന്‍ പാര്‍ലമെന്റംഗമായിരുന്നു.

ഒന്നാം റൗണ്ട് വോട്ട് നില

എമ്മാനുവല്‍ മാക്രോണ്‍ 24.01%
മരീന്‍ ലെ പെന്‍ 21.3%
ഫ്രാന്‍സ്വാ ഫിയോണ്‍ 20.01%
ഴാങ് ലിക് മെലന്‍ഷ്യോണ്‍ 19.2%
ബെന്വാ ഹാമണ്‍ 6.3%
രണ്ടാം റൗണ്ടില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം – മാക്രോണും ലെ പെനും.

സമീപകാല പ്രസിഡന്റുമാര്‍

(തെരഞ്ഞെടുപ്പുവര്‍ഷം, പേര്, വോട്ടുശതമാനം എന്ന ക്രമത്തില്‍)
1965 ചാള്‍സ് ഡിഗോള്‍ 55%
1969 ജോര്‍ജ് പോംപിഡൂ 58%
1974 വാലറി ദെസ്താംഗ് 51%
1981 ഫ്രാന്‍സ്വാ മിത്തറാംഗ് 5 2%
1988 ഫ്രാന്‍സ്വാ മിത്തറാംഗ് 54%
1995 ഷാക്ക് ഷിറാക് 53%
2002 ഷാക്ക് ഷിറാക് 82%
2007 നിക്കോളാസ് സാര്‍കോ സി 53%
2012 ഫ്രാന്‍സ്വാ ഒളാന്ദ് 52%
എ എം

Share this news

Leave a Reply

%d bloggers like this: