ആന്റിബയോട്ടിക് കഴിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടിക്ക് സാധ്യത കൂടുതല്‍

കുട്ടികളില്‍ ശരീരഭാരവും, പൊണ്ണത്തടിയും കൂടാന്‍ ആന്റിബയോട്ടിക്കുകള്‍ കാരണമാകുന്നതായി പഠനങ്ങള്‍. കുട്ടികളില്‍ രോഗബാധയെ തുടര്‍ന്ന് നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ പൊണ്ണത്തടിക്ക് പ്രധാനകാരണമാണെന്നു കണ്ടെത്തിയത് ഐറിഷ് റോയല്‍ കോളേജ് ഓഫ് ഫിസിക്‌സ് ആണ്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അമ്മയുടെ ബോഡി മാസ് ഇന്‍ഡക്സ്, കുഞ്ഞിന്റെ ഉറക്കത്തിന്റെ ദൈര്‍ഘ്യം ഇങ്ങനെ പല സാധ്യതകളോടൊപ്പം ചെറുപ്രായത്തിലുള്ള ആന്റി ബയോട്ടിക് ഉപയോഗവും പൊണ്ണത്തടിയ്ക്ക് കാരണമായേക്കുമെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. 5 വയസ്സുള്ള 9000 ഐറിഷ് കുട്ടികളില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്.

രണ്ട് വയസിനിടയില്‍ നാലില്‍ അധികം ആന്റിബയോട്ടിക് കോഴ്സുകള്‍ എടുത്ത കുഞ്ഞുങ്ങള്‍ക്ക് പൊണ്ണത്തടിയ്ക്കുള്ള സാധ്യത ഏറെയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതേസമയം പക്ഷേ ആന്റിബയോട്ടിക്സ് ഉപയോഗം നേരിട്ട് പൊണ്ണത്തടിയ്ക്ക് ഇടയാക്കില്ലെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ ആന്റിബയോട്ടിക്സ് നല്‍കണമെന്നും ഗവേഷര്‍ നിര്‍ദ്ദേശിക്കുന്നു.

രോഗത്തിനിടയാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുക എന്നതാണ് ശരീരത്തില്‍ ആന്റിബയോട്ടിക്കുകള്‍ ചെയ്യുന്നത്. എന്നാല്‍ ചില ആന്റിബയോട്ടിക്കുകള്‍ ദഹനത്തിന് സഹായിക്കുന്ന കുടലിലെ ബാക്ടീരിയകളെ ഉള്‍പ്പടെ ശരീരത്തിന് ആവശ്യമായ ചില ബാക്ടീരികളെയും നശിപ്പിക്കുന്നു. കുട്ടിക്കാലത്ത് ബാക്ടീരിയകള്‍ മൂലമുണ്ടാകന്ന ചെവി വേദന പോലുള്ള സാധാരണരോഗങ്ങള്‍ക്കായി പൊതുവെ നിര്‍ദ്ദേശിക്കപ്പെടാറുള്ള പെന്‍സിലിന്‍, അമോക്സിലിന്‍ തുടങ്ങിയ നാരോ സ്പെക്ട്രം ആന്റി ബയോട്ടിക്കുകള്‍ ശരീരത്തിന് വലിയ ദോഷം ചെയ്യുന്നില്ല. അതേസമയം അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ നല്‍കുന്ന ബ്രോഡ് സ്പെക്ട്രം ആന്റി ബയോട്ടിക്കുകള്‍ ശരീരത്തിന് ദോഷം ചെയ്യുന്നു.

ഊര്‍ജ്ജം അധികമുള്ള, പോഷകാംശം കുറഞ്ഞ ഭക്ഷണങ്ങളും വ്യായാമക്കുറവുമാണ് പൊണ്ണത്തടിയുടെ പ്രധാന വില്ലന്മാര്‍. എന്നാല്‍ മറ്റ് ചില കാരണങ്ങള്‍ കൂടി പൊണ്ണത്തടിയ്ക്ക് ഇടയാക്കുമെന്ന ബോധവും മാതാപിതാക്കന്മാര്‍ക്ക് ഉണ്ടാകണം. കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ വരുമ്പോള്‍ ആവശ്യമാണെങ്കില്‍ മാത്രം ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുക. ഇക്കാര്യത്തിലുള്ള ആശങ്കകള്‍ ഡോക്ടര്‍മാരോട് പങ്കുവെക്കുക. ആവശ്യം വരുമ്പോള്‍ അമോക്സിലിന്‍, പെന്‍സിലിന്‍ തുടങ്ങിയ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുക. രോഗം പെട്ടന്ന് മാറാന്‍ വീര്യം കൂടിയ ബ്രോഡ് സ്പെക്ട്രം ആന്റി ബയോട്ടിക്കുകളില്‍ അഭയം തേടാതിരിക്കുക. അത്യാവശ്യമെങ്കില്‍ മാത്രം അവ ഉപയോഗിക്കുക.

വളര്‍ച്ചയുടെ ആദ്യ പടവുകള്‍ കയറുന്ന കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് അകത്താക്കുന്നതോടെ വളര്‍ച്ച ആവശ്യത്തില്‍ കൂടുമെന്നും ഗവേഷണം തെളിവ് നല്‍കുന്നു. സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവരില്‍ പൊണ്ണത്തടി സ്ഥിതീകരിച്ചതായി കോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ എപ്പിഡമോളജി വിഭാഗം വിദഗ്ദ്ധന്‍ ഡോക്ടര്‍ ബാരി റെയ്‌നറും വ്യക്തമാക്കി. രോഗപ്രതിരോധ മരുന്നുകളെ കൂടാതെ സിസേറിയന്‍ പ്രസവത്തിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത 85 ശതമാനമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. രോഗപ്രതിരോധം നന്നേ കുറഞ്ഞ ഇവര്‍ ആസ്മ പോലുള്ള അലര്‍ജി രോഗികളും ആയി മാറിയേക്കാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: