സീതാറാം യെച്ചൂരിക്കു നേരെ കയ്യേറ്റം; സംഭവം എ.കെ.ജി. ഭവനില്‍; 2 ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ കയ്യേറ്റം. പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എകെജി ഭവനിലെ പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിനായി മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോഴായിരുന്നു സംഭവം. എകെജി ഭവനില്‍ അതിക്രമിച്ചു കയറിയ രണ്ടു പേരാണ് യെച്ചൂരിയെ ആക്രമിച്ചത്. പൊലീസ് ഉടന്‍ തന്നെ ഇവരെ പിടികൂടി. ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം എകെജി ഭവനു പുറത്ത് കാവല്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. വൈകിട്ട് നാലു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ ചര്‍ച്ചയായ പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കാണാനായി മീഡിയാ ഹാളിലേക്ക് വരികയായിരുന്നു യച്ചൂരി. അതിനിടെ ‘സിപിഎം മൂര്‍ദാബാദ്’ എന്നാക്രോശിച്ചുകൊണ്ട് അക്രമികള്‍ യച്ചൂരിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രതിഷേധത്തില്‍ അമ്പരന്നുപോയ യച്ചൂരി കയ്യേറ്റത്തിനിടെ താഴെവീണു. ഉടനെ എകെജി ഭവനിലെ ജീവനക്കാരെത്തി അക്രമികളെ പിടിച്ചുമാറ്റി.

യച്ചൂരിക്കുനേരെ നടന്ന ആക്രമണം ദുരൂഹമാണെന്ന് സിപിഎം നേതാവും എംപിയുമായ എം.ബി. രാജേഷ് പ്രതികരിച്ചു. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ആക്രമണമെന്നും രാജേഷ് ആരോപിച്ചു. അതേസമയം, സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടിനോടാണ് തങ്ങളുടെ പ്രതിഷേധമെന്ന് പൊലീസ് പിടികൂടിയ ഹിന്ദുസേനാ പ്രവര്‍ത്തകരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ വ്യക്തമാക്കി.

അതേസമയം, സംഭവത്തിനുശേഷം മീഡിയ റൂമിലെത്തിയ യച്ചൂരി, പതിവനുസരിച്ച് വാര്‍ത്താസമ്മേളനം നടത്തി. മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമാണു തനിക്കെതിരായ ആക്രമണമെന്നു യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. സിപിഎമ്മിനെ നിശബ്ദരാക്കാനുള്ള സംഘപരിവാര്‍ ഗൂണ്ടകളുടെ ശ്രമത്തിനുമുന്നില്‍ തലകുനിക്കില്ലെന്നു യച്ചൂരി പിന്നീട് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തില്‍ നമ്മള്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


എ എം

Share this news

Leave a Reply

%d bloggers like this: