എസി തകരാറായി; ചൂടെടുത്ത എയര്‍ ഇന്ത്യ യാത്രക്കാര്‍ പേപ്പര്‍ വിശറിയാക്കി

വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷം. പശ്ചിമബംഗാളില്‍നിന്ന് ഡല്‍ഹിയിലേയ്ക്കു വരികയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ-880 വിമാനത്തിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ച് ബഹളമുണ്ടാക്കിയത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.55ന് വിമാനം പുറപ്പെട്ട് 20 മിനിറ്റിനുള്ളില്‍ത്തന്നെ എ സിയുടെ പ്രവര്‍ത്തനം തകരാറിലായി. വിമാനത്തിനുള്ളിലെ ചൂട് വല്ലാതെ ഉയരുകയും ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ചിലര്‍ വിമാനത്തിനുള്ളിലെ ഓക്സിജന്‍ മാസ്‌ക് ഉപയോഗിച്ചു നോക്കിയെങ്കിലും അതും പ്രവര്‍ത്തനരഹിതമായിരുന്നു.
വിമാനത്തില്‍ യാത്രക്കാര്‍ ബഹളം സൃഷ്ടിക്കുന്നതിന്റെ വീഡിയോ യാത്രക്കാരില്‍ ചിലര്‍ ചിത്രീകരിച്ചത് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. മാസികകളും ബുക്ലറ്റുകളും മറ്റും ഉപയോഗിച്ച് യാത്രക്കാര്‍ സ്വയം വീശുന്നതും വിമാന ജീവനക്കാരോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

168 യാത്രക്കാരുണ്ടായിരുന്ന വിമാനം പിന്നീട് ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറക്കി. യാത്രക്കാരില്‍ ചിലര്‍ പരാതി നല്‍കിയിട്ടുള്ളതായി എയര്‍ ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി എയര്‍ ഇന്ത്യ വ്യക്തമാക്കി.

 
എ എം

Share this news

Leave a Reply

%d bloggers like this: